2014 ഡിസംബർ 10, ബുധനാഴ്‌ച

അത്ഭുതം (Miracle)

ഒരു അത്ഭുതം എങ്കിലും നമ്മുടെയും ജീവിതത്തില്‍ സംഭവിക്കണമേ എന്ന് ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ നമ്മളും ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിട്ടില്ലേ? തങ്ങള്‍ ജീവിക്കുന്ന പരിതസ്ഥിതിയില്‍ നിന്നും ഒരു മാറ്റം ആഗ്രഹിക്കുമ്പോള്‍ ആണ് പലരും അത്ഭുതത്തിന്‍റെ പുറകെ പോകുന്നത്. ഒരു സുപ്രഭാതത്തില്‍ സംഭവിക്കേണ്ട കാതലായ ഒരു മാറ്റമാണ് ആണ് അത്ഭുതം എന്ന പേരില്‍ പലരും ആഗ്രഹിക്കുന്നത്. നമുക്ക് യോഗ്യമായ മാറ്റങ്ങള്‍ ആണെങ്കില്‍ ഒരു പരുധി വരെ അതിനെ പിന്തുണയ്ക്കാം. കടുത്ത രോഗാവസ്ഥയില്‍ ഉള്ള ഒരു രോഗിയുടെ അത്ഭുതകരമായ വിടുതലിന് വേണ്ടി പ്രാര്‍ഥിച്ചാല്‍ അത് മനസിലാക്കാം. എന്നാല്‍ ഒരു ലോട്ടറി ടിക്കറ്റ്‌ എടുത്തു തനിക്കു തന്നെ ഒന്നാം സമ്മാനം അടിക്കണമെന്ന് പ്രാര്‍ഥിച്ചാല്‍ എങ്ങിനെ അതിനെ ന്യായീകരിക്കാം? രോഗത്തിന്‍റെ കാര്യം ആയിട്ട് പോലും പൌലോസ് അപ്പോസ്തലന്‍ പ്രാര്‍ഥിച്ചപ്പോള്‍ “എന്‍റെ കൃപ നിനക്ക് മതി” എന്നാണ് ദൈവം അരുളിചെയ്തത്.  അപ്പോള്‍ അത്ഭുതം ആഗ്രഹിക്കുന്നതിനേക്കാള്‍ ദൈവ കൃപയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുക ആണ് വേണ്ടത്.

എന്നാല്‍ ഇന്ന് നടക്കുന്നതായി പറയുന്ന അത്ഭുതങ്ങള്‍ കേട്ടാല്‍ ഒരു യഥാര്‍ത്ഥ വിശ്വാസി പോലും ഞെട്ടിപ്പോകും. മാതാവിന്റെ പ്രതിമയുടെ കണ്ണില്‍ നിന്ന് കണ്ണ്നീര്‍ വന്നു. യേശുവിന്‍റെതു എന്ന് പറഞ്ഞു നിര്‍മിച്ച ബിംബത്തിന്‍റെ കയ്യില്‍ നിന്നും ചോര വാര്‍ന്നു എന്നിങ്ങനെ ....  ഇതിനെ ഒക്കെ വിശ്വസിക്കാനും അവയ്ക്ക് ഒക്കെ ഓശാന പാടാനും വിശ്വാസികള്‍ എന്ന് അവകാശപ്പെടുന്ന അവിശ്വാസികളുടെ നീണ്ട നിരയും.  ഒരു പ്രതിമയും ഉണ്ടാക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത് എന്ന ദൈവിക നിയമത്തിനു എതിരായാണ് പ്രതിമകള്‍ നിര്‍മിക്കപ്പെടുന്നത്, പിന്നെ അവിടെ അത്ഭുതങ്ങള്‍ കൂടി ഉണ്ട് എന്ന് പറഞ്ഞാല്‍ ദൈവിക കോപം പൂര്‍ണമായി.  ദൈവം എന്തു ചെയ്യരുത് എന്ന് പറയുന്നോ അത് ചെയ്യാന്‍ ഉള്ള ത്വര മനുഷ്യര്‍ ഉള്ള കാലം തൊട്ടു തുടങ്ങിയതാണ്‌; അല്ലങ്കില്‍ സാത്താന്‍ അങ്ങിനെ ചെയ്യിപ്പിക്കുന്നു. ഏദന്‍ തോട്ടത്തിന്‍റെ നടുവിലെ വൃക്ഷത്തിന്‍റെ ഫലം തിന്നരുതു എന്ന് ദൈവം കല്പിച്ചപ്പോള്‍ സാത്താന്‍റെ പ്രേരണയാല്‍ ആദിമനുഷ്യര്‍ ദൈവ കല്പന ലംഘിച്ചു.  ഞാന്‍ അല്ലാതെ അന്യദൈവങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാകരുത് എന്നും ബിംബാരാധന പാടില്ല എന്നും ഉള്ള ദൈവ കല്‍പനക്ക് എതിരായി മധ്യസ്ഥരുടേയും മറ്റു പുണ്യവാളന്‍മാരുടെയും രൂപത്തില്‍ ബിംബങ്ങള്‍ പെരുകി. പിന്നെ അവിടെ നിന്നും അദ്ഭുതങ്ങള്‍ എന്ന നാമകരണത്തില്‍ തട്ടിപ്പുകളും.

അത്ഭുതത്തിനു മാത്രമായി തങ്ങളുടെ ജീവിതം വേര്‍തിരിച്ചു തുട്ടുണ്ടാക്കാന്‍ വിരുതന്മാരായ കള്ളന്മാരാണ് മറ്റൊരു കൂട്ടര്‍.  സുവിശേഷകര്‍ എന്ന കള്ളപ്പേരില്‍ ലോകം എമ്പാടും നടന്നു അവര്‍ തങ്ങളുടെ ലക്ഷ്യം സാധിക്കുന്നു. എന്‍റെ നാമം വൃഥാ എടുക്കരുത് എന്ന ദൈവിക കല്പന ഇവരാല്‍ ലംഘിക്കപ്പെടുന്നു. തങ്ങളെ സമീപിക്കുന്നവരുടെ ഇംഗിതം മുന്‍കൂട്ടി മനസിലാകി അവര്‍ പ്രവചനം നടത്തുന്നു. ഇന്ത്യന്‍ നഗരങ്ങളില്‍ താമസിക്കുന്നവര്‍ ഉടനെ മിഡില്‍ ഈസ്റ്റ്‌ലേക്ക് പോകുമെന്നും, മിഡില്‍ ഈസ്റ്റ്‌കാരോട് UK, കാനഡ മുതലായ മേഖലകളിലേക്ക് പോകാന്‍ തയ്യാറായികൊള്ളൂ എന്നും അവര്‍ പ്രവചിക്കുന്നു.  പോക്കറ്റില്‍ ആകാന്‍ പോകുന്ന ഡോളറിന്‍റെയും ദിര്‍ഹത്തിന്‍റെയും കണക്കു മുന്‍കൂട്ടികണ്ട് ഈ ഹതഭാഗ്യര്‍ നല്ലൊരു പണക്കിഴി പ്രഖ്യാപിത പ്രവാചകന്‍റെ കീശയിലേക്ക്‌ തള്ളുന്നു.  അന്ത്യകാലത്തെപ്പറ്റി ക്രിസ്തു വചനം ഇപ്രകാരം പറയുന്നു.  “പല കള്ള ക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു വലിയ അത്ഭുതങ്ങള്‍ കാട്ടി ജനത്തെ വഴി തെറ്റിക്കും” ഇതാ ഇവിടെ, അതാ അവിടെ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത് (Mathew 24:24-25). എന്നാല്‍ കര്‍ത്താവിന്റെ വരവ് എപ്രകാരം ആവും എന്ന് Mathew 24:27-44 വരെയുള്ള ഭാഗങ്ങളില്‍ വിശദം ആക്കുന്നുണ്ട്‌. ശരിയാം വിധം ബൈബിള്‍ മനസിലാക്കത്തവരാണ്, ബിംബങ്ങള്‍ക്കും, മനുഷ്യദൈവങ്ങള്‍ക്കും, കള്ള പ്രവാചകന്മാര്‍ക്കും അടിപ്പെടുന്നത്‌.

ഒരു യഥാര്‍ത്ഥ വിശ്വാസി അത്ഭുതങ്ങള്‍ക്കു പുറകെ പോകാറില്ല. ശരിയായ അത്ഭുതം നടക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിലാണ്; തന്മൂലം ശരിയായ വിശ്വാസം രൂപപ്പെടണം. ഏറ്റവും വലിയ അത്ഭുതം, ഓരോ ദിവസവും ആപത്തും അനര്‍ത്ഥവും കൂടാതെ ദൈവം നമ്മെ പരിപാലിച്ചു നടത്തുന്നതു തന്നെയാണ്. ഇതു മനസിലാക്കി സ്രഷ്ടാവിനെ സ്തുതിക്കയും തങ്ങളുടെ ജീവിതം സന്തോഷപ്രദം ആക്കുകയും ചെയ്യുന്നവരാണ് ഭാഗ്യവാന്മാര്‍.

2014 സെപ്റ്റംബർ 1, തിങ്കളാഴ്‌ച

യേശു – മാനവ വിമോചകനായ വിപ്ലവകാരി

യഹൂദയിലെ ബേതലഹേമില്‍ യേശു ജനിച്ചപ്പോള്‍ അവനെ വധിക്കുവാന്‍ നാടുവാഴിയായ ഹെരോദാവു കല്പന പുറപ്പെടുവിച്ചു. കാരണം ഒരു വിപ്ലവകാരിക്ക് മാത്രമേ തന്‍റെ സിംഹാസനത്തിന് ഇളക്കം വരുത്താന്‍ സാധിക്കൂ എന്ന് അവനു ബോധ്യം ഉണ്ടായിരുന്നു. ഒരു പുത്തന്‍ വിപ്ലവാത്മകതയുടെ പ്രതീകമായി താണവരില്‍ താണവനായി ഒരു പശുതൊഴുത്തിലിലാണ് ദൈവപുത്രന്‍ അവതരിച്ചത്. പക്ഷെ ഇത് മുന്‍കൂട്ടി കാണാന്‍ ഹെരോദാവിനു കഴിഞ്ഞില്ല. അതുകൊണ്ട് യേശുവിനെ ലക്ഷ്യം വച്ച്, രണ്ടു വയസില്‍ താഴെയുള്ള എല്ലാ ആണ്‍ പൈതങ്ങളെയും കൊല്ലുവാന്‍ അവന്‍ കല്പന പുറപ്പെടുവിച്ചു. റാമയിലെങ്ങും മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ കരച്ചില്‍ അലയടിച്ചു. എന്നാല്‍ ഒരു ജനതയുടെ വിമോചകനായി അവതരിച്ച യേശുവിനെ തൊടാന്‍ അവനോ അവന്‍റെ പടയാളികള്‍ക്കോ സാധിച്ചില്ല. യഹൂദ പാരമ്പര്യം അനുസരിച്ച് നന്നേ ശിശുവായിരുന്നപ്പോള്‍ തന്നെ യേശുവിനെ മാതാപിതാക്കള്‍ യെരുശലേം ദേവാലയത്തില്‍ കൊണ്ടുപോയി പരിശ്ചേദന കഴിപ്പിച്ചു. യേശുവിന്‍റെ അനുയായികള്‍ ആയി വന്ന ക്രൈസ്തവരില്‍ ശിശുസ്നാനം ഉടലെടുക്കുവാന്‍ ഉണ്ടായ ഒരു പ്രധാന കാരണവും ഇതാവാം. ആദ്യ പന്ത്രണ്ടു വര്‍ഷക്കാലം യേശു മാതാപിതാകളെ അവരുടെ പാരമ്പര്യ തൊഴിലായ ആശാരിപണിയില്‍ സഹായിച്ചു പോന്നു. പന്ത്രണ്ടാം വയസില്‍ അവന്‍ മാതാപിതാക്കളോടൊപ്പം പെസഹാ പെരുന്നാളിനു യെരുശലേം ദേവാലയത്തിലേക്ക് പോയി. പെരുന്നാളിന് ശേഷം സ്വദേശത്തേക്ക് തിരികെപോകുന്നവരുടെ ഒപ്പം യേശുവിനെ കാണാഞ്ഞ മാതാപിതാക്കള്‍ അന്വഷണം ആരംഭിച്ചു.  ദേവാലയത്തില്‍ ഉപദേഷ്ടാക്കളുടെ നടുവില്‍ ഇരുന്നു അവരുടെ ഉപദേശം കേള്‍ക്കുകയും അവരോടു ചോദ്യം ചോദിക്കുകയും ചെയ്യുന്ന യേശുവിനെ അവര്‍ കണ്ടു. അവന്‍റെ വാക്ക് കേട്ടവര്‍ക്കു എല്ലാം അവന്‍റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. എങ്കിലും മകനെ കാണാതെ പരിഭവിച്ച മാതാപിതാക്കളോട്, തന്‍റെ പിതാവിന്‍റെ ഭവനത്തില്‍ താന്‍ ഇരിക്കെണ്ടതല്ലയോ എന്ന് അവന്‍ ചോദിച്ചു. പാപം മൂലം തന്നില്‍ നിന്നും അകന്ന മാനവ ജാതിയുടെ വീണ്ടെടുപ്പു ദൈവം തന്‍റെ സ്വപുത്രനിലൂടെ ആരംഭിക്കുകയായിരുന്നു.

ആ കാലത്ത് യോഹന്നാന്‍ സ്നാപകന്‍ യഹൂദ്യ ദേശത്ത് വന്നു, സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്ന് പ്രസംഗിച്ചു തുടങ്ങി. അവന്‍റെ വാക്ക്കേട്ട് അനേകര്‍ തങ്ങളുടെ പാപങ്ങളെ വിട്ടു മാനസാന്തരപ്പെട്ടത്തിന്‍റെ അടയാളമായ് ജലസ്നാനം സ്വീകരിക്കാന്‍ തുടങ്ങി. ജനം എല്ലാം സ്നാനം ഏല്‍ക്കയില്‍, യേശുവും അവനാല്‍ സ്നാനം ഏല്‍ക്കാന്‍ യോര്‍ദാന്‍ നദിയുടെ കരയില്‍ എത്തി. തന്നെക്കാള്‍ വലിയവനായ യേശുവിനെ സ്നാനം കഴിപ്പിക്കാന്‍ അവന്‍ വിസമ്മതിച്ചു. എന്നാല്‍ സകല നീതിയും നിര്‍വഹിക്കുന്നത് നമുക്ക് ഉചിതം എന്ന് പറഞ്ഞ ശേഷം യേശു യോഹന്നാനാല്‍ സ്നാനം ഏറ്റു. എളിയവനെ വലിയവനായി കാണാന്‍ ഉല്‍ബോധിപ്പിക്കുന്ന ദൈവത്തിന്‍റെ നീതി, ആ വലിയ വിപ്ലവ നായകനില്‍ നിന്ന് അവിടെ ആരംഭം കുറിച്ചു. തന്നെക്കാള്‍ എളിയവരുടെ പാദം കഴുകി, പെസഹായുടെ ക്രമം ആചരിച്ചും യേശു മാതൃക കാട്ടി. യേശുവിന്‍റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക; “ഈ ഏറ്റവും ചെറിയവരില്‍ ഒരുത്തന് നിങ്ങള്‍ ചെയ്യേത്താത്തിടത്തോളമെല്ലാം എനിക്കാകുന്നു ചെയ്യാഞ്ഞത് എന്ന് ഞാന്‍ സത്യം ആയി നിങ്ങളോട് പറയുന്നു”(Mathew 25:45). മറ്റൊരവസരത്തില്‍, ഹോശാനപെരുന്നാളിന് മുന്തിയ തരം കുതിരകളെ വാഹനമായി ഉപയോഗിക്കാമായിരുന്നിട്ടും, ആരാലും ഉപേക്ഷിക്കപ്പെട്ട കഴുതയുടെ പുറത്താണ് യേശു യെരുശലേം ദേവാലയത്തിലേക്ക് പോയത്. എളിയവയെയും ഉപേക്ഷിക്കപ്പെട്ടതിനെയും കരുതുകയും, മഹത്വീകരിക്കുകയും ചെയ്തു സമൂഹത്തിന്‍റെ മുന്‍ശ്രേണിയിലേക്ക് ഉയര്‍ത്തുന്നതിന്‍റെ പ്രതീകം ആയിരുന്നു ആ കഴുതപ്പുറത്തെ യാത്ര. 

ഒരിക്കല്‍ ചുങ്ക സ്ഥലത്തുവച്ച് കണ്ട ലേവി എന്ന ചുങ്കക്കാരനോടൊപ്പം യേശു അവന്‍റെ വീട്ടില്‍ വിരുന്നില്‍ പങ്കെടുത്തു. ഇതില്‍ കുപിതരായ പരീശന്മാരും ശാസ്ത്രിമാരും അവന്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നത് എന്തു എന്ന് ചോദിച്ചു. ദീനക്കാര്‍ക്ക് അല്ലാതെ സൌഖ്യം ഉള്ളവര്‍ക്ക് വൈദ്യനെകൊണ്ട് ആവശ്യം ഇല്ല എന്നും, താന്‍ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന് തേടി വന്നിരിക്കുന്നത് എന്നും ആയിരുന്നു അവന്‍റെ മറുപടി. സക്കായി എന്ന ചുങ്കക്കാരെനെയും ഇതേ രീതിയിലാണ് യേശു രക്ഷയുടെ അനുഭവത്തിലേക്ക് കൊണ്ടുവന്നത്. ഒരിക്കല്‍ മഹാപുരോഹിതന്മാരോടും ജനത്തില്‍ മൂപ്പന്മാരോടും അവന്‍ പറഞ്ഞു “ചുങ്കക്കാരും വേശ്യമാരും നിങ്ങള്‍ക്ക് മുന്പായി ദൈവരാജ്യത്തില്‍ കടക്കും എന്ന് സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു” (Mathew 21:31). യേശു ഇതു പറവാന്‍ കാരണം, ഒരിക്കല്‍ തെറ്റ് ചെയ്ത ചുങ്കക്കാരും മറ്റു അകൃത്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടവരും, യേശുവിനെപറ്റി അറിഞ്ഞപ്പോള്‍ പിന്നെത്തേതില്‍ അനുതപിച്ചു, തങ്ങളുടെ തെറ്റുകളെ വിട്ടകന്നു എന്നതുകൊണ്ട്‌ ആയിരുന്നു. എന്നാല്‍ തങ്ങള്‍ നീതിമാന്മാര്‍ എന്ന് നിരൂപിച്ച പരീശ-പുരോഹിതഗണം തങ്ങളുടെ തെറ്റുകളെ അറിഞ്ഞില്ല, അല്ലങ്കില്‍ അറിഞ്ഞതായി ഭാവിച്ചില്ല; അതുകൊണ്ട് തന്നെ ദൈവപുത്രനെ അംഗീകരിച്ചതുമില്ല. പരീശന്മാരും ശാസ്ത്രിമാരും അക്കാലങ്ങളില്‍ ഏറ്റവും വലിയ പദവികളില്‍ ഉള്ളവര്‍ ആയിരുന്നു. എന്നാല്‍ യേശു അവരുടെ തിന്മയ്ക്കും കേടുകാര്യസ്ഥതയ്ക്കും എതിരെ ശബ്ദം ഉയര്‍ത്തി. പരീശന്‍മാരായ നിങ്ങള്‍ കിണ്ടി കിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവര്‍ച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു എന്ന് അവന്‍ അവരെ പരസ്യമായി ശാസിച്ചു. “ദൈവസ്നേഹം വിട്ടുകളഞ്ഞ നിങ്ങള്‍ക്ക് പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും പ്രിയമാകുന്നു; എടുക്കാന്‍ പ്രയാസം ഉള്ള ചുമടുകളെ നിങ്ങള്‍ ജനങ്ങളെകൊണ്ട് ചുമപ്പിക്കുന്നു, നിങ്ങള്‍ ഒരു വിരല്‍ കൊണ്ട് പോലും ആ ചുമടുകളെ തൊടുന്നതും ഇല്ല.” എന്ന് കടുത്ത ഭാഷയില്‍ അവരെ വിമര്‍ശിച്ചു. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ, നിങ്ങള്‍ എന്‍റെ അടുക്കലേക്കു വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികളെ അഭിസംബോധന ചെയ്തു അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു, കാറല്‍ മാക്സിനും ഫ്രെഡറിക്ക് ഏഞ്ജല്‍സിനും എത്രയോ മുന്‍പ് യേശു എന്ന വിപ്ലവകാരി സമത്വവും, സോഷ്യലിസവും വിഭാവന ചെയ്തു! ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കുന്നതിനേക്കാള്‍ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം” എന്ന് ഉല്‍ബോധിപ്പിച്ച യേശു ജന്മിത്വത്തെയും തന്‍റെ  വാക്കുകളിലൂടെ നിരാകരിക്കുകയായിരുന്നു.

ഒരിക്കല്‍ യേശു പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ അവന്‍റെ അമ്മയും, സഹോദരന്മാരും അവനെ കാണുവാന്‍ വന്നു. പുരുഷാരം നിമിത്തം അവര്‍ക്ക് അവനോടു അടുക്കുവാന്‍ കഴിഞ്ഞില്ല. നിന്‍റെ അമ്മയും സഹോദരന്മാരും നിന്നെ കാണുവാന്‍ പുറത്ത് നില്‍ക്കുന്നു എന്ന് ചിലര്‍ യേശുവിനെ അറിയിച്ചു. ദൈവവചനം കേട്ട് അനുസരിക്കുന്നവര്‍ അത്രേ എന്‍റെ അമ്മയും സഹോദരന്മാരും എന്ന് യേശു അപ്പോള്‍ പറയുകയുണ്ടായി. സ്വജന പ്രീണനവും, ഞാനും എന്‍റെ കുടുംബവും എന്‍റെ കൂട്ടവും എന്ന കോണ്‍സെപ്റ്റ്-നു നേരെ എതിര്‍ ദിശയില്‍ ഉള്ള ദൈവികമര്‍മം ആയിരുന്നു അവിടെ വെളിവാക്കപ്പെട്ടത്. മത്തായി 5:47 ഇപ്രകാരം ആണ് “സഹോദരന്മാരെ മാത്രം വന്ദനം ചെയ്‌താല്‍ നിങ്ങള്‍ എന്തു വിശേഷം ചെയ്യുന്നു; അവിശ്വാസികളും അങ്ങിനെ തന്നെ ചെയ്യുന്നില്ലയോ? ആകയാല്‍ നിങ്ങളുടെ പിതാവ് സല്‍ഗുണ സമ്പൂര്‍ണന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണ സമ്പൂര്‍ണര്‍ ആകുവിന്‍”.  

ഒരു ശബത്തില്‍ യേശു വിളഭൂമിയില്‍ കൂടി കടന്നു പോകുമ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ കതിര്‍ പറിച്ചു തിരുമി തിന്നു. ഇതു ചോദ്യം ചെയ്ത പരീശരോട് “മനുഷ്യന്‍ ശബത്ത് നിമിത്തം അല്ല, ശബത്ത് മനുഷ്യന്‍ നിമിത്തം അത്രേ ഉണ്ടായത്, അങ്ങനെ മനുഷ്യപുത്രന്‍ ശബത്തിനും കര്‍ത്താവാകുന്നു” എന്ന് യേശു അവരെ ഓര്‍മിപ്പിച്ചു. മറ്റൊരു ശബത്തില്‍ ദേവാലയത്തില്‍ വച്ച് വലംകൈ വരണ്ട ഒരു മനുഷ്യനെ അവന്‍ സൌഖ്യം ആക്കി. ശബത്തില്‍ നന്മ ചെയ്യുകയോ, തിന്മ ചെയ്യുകയോ, ജീവനെ രക്ഷിക്കുകയോ നശിപ്പിക്കുകയോ ഏതു വിഹിതം എന്ന് അവന്‍ ചോദിച്ചു. നിങ്ങളുടെ കാളയോ, മകനോ ശബത്ത് നാളില്‍ കിണറ്റില്‍ വീണാല്‍ ക്ഷണത്തില്‍ വലിച്ചെടുക്കയില്ലയോ എന്ന് അവന്‍ വേറൊരു അവസരത്തില്‍ ന്യായശാസ്ത്രിമാരോട് ചോദിച്ചു. ശബത്തിന്റെ നിയമങ്ങളെക്കാള്‍ വലുത് നന്മ ചെയ്യുക ആണന്നു യേശു അസന്നിക്ധം ആയി പ്രക്യാപിച്ചു. യഹൂദ ജനതയുടെ കടുത്ത നിയമ സംഹിതകള്‍ക്ക്  ഉള്‍ക്കൊള്ളാവുന്നതില്‍ അപ്പുറം ആയിരുന്നു യേശുവിന്‍റെ സാമൂഹ്യനന്മയില്‍ ഊന്നിയുള്ള ലളിതമായ ആശയങ്ങളും പ്രവര്‍ത്തരീതികളും.

ഹോശാന പെരുന്നാളിന് യേശു യെരുശലേം ദേവാലയത്തില്‍ ചെന്ന് അവിടെ ഒരു ശുദ്ധീകരണം നടത്തിയതായി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ദേവാലയത്തില്‍ വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും എല്ലാം അവന്‍ പുറത്താക്കി; പൊന്‍വാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്‍ക്കുന്നവരുടെ പീഡങ്ങളെയും മറിച്ചു കളഞ്ഞു. തുടര്‍ന്ന് അവരോടു പറഞ്ഞു; എന്‍റെ ആലയം സകല ജാതികള്‍ക്കും പ്രാര്‍ഥനാലയം ആണ്, നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി തീര്‍ത്തു. (Mark11:17). ഇന്നു കര്‍ത്താവിന്‍റെ നാമത്തില്‍ വ്യാപാരം നടത്തുന്നവര്‍ ഓര്‍ത്തുകൊള്ളുക; ഈ ബിസിനെസ്സ്‌ നിങ്ങള്‍ക്ക് എല്ലാ കാലവും കൊണ്ട് നടക്കാന്‍ പറ്റില്ല.  കര്‍ത്താവിന്‍റെ ഒരു ദിവസം ഉണ്ട് അന്ന് നിങ്ങള്‍ എല്ലാത്തിനും കണക്കു ബോധിപ്പിക്കേണ്ടി വരും. പ്രാര്‍ഥനാലയം സകലജാതികള്‍ക്കും വേണ്ടി ആണെന്ന് യേശു അവിടെ പറയുന്നത് പ്രത്യേകം ശ്രദ്ധിക്കുക. എന്നാല്‍ പല ഭിന്നതകളില്‍ വിവിധതരം ആലയങ്ങളില്‍ ആരാധിച്ചു നമ്മള്‍ അവയെ കള്ളന്മാരുടെ ഗുഹ ആക്കിതീര്‍ക്കുക അല്ലെ ചെയ്യുന്നത്? എല്ലാവരും പോകുന്ന ഒഴുക്കിന് അനുസരിച്ച് നീങ്ങുകയല്ല യേശു ചെയ്തത് എന്ന് നമുക്ക് ഇവിടെ വ്യക്തമായി മനസിലാവും. തെറ്റ് കണ്ടപ്പോള്‍ ശാസ്ത്രിമാരെയും മഹാപുരോഹിതന്മാരെയും പോലും യേശു ചോദ്യം ചെയ്തു. നേതാക്കന്മര്‍ എന്തു ചെയ്താലും ചോദ്യം ചെയ്യരുത്; സഭയില്‍ പഠിപ്പിക്കുന്നത് എന്താണെങ്കിലും അത് മറുചോദ്യം ഇല്ലാതെ ശിരസാവഹിക്കണം എന്നൊക്കെയുള്ള ബ്രെയിന്‍ വാഷ്‌ ഉപദേശങ്ങള്‍ ഒക്കെയാണെല്ലോ ഇന്ന് ഫലംകാണുന്നത്. പള്ളിയാനെങ്കിലും കൂട്ടായ്മ ആണെങ്കിലും, ചോദ്യം ചെയ്യേണ്ടതിനെ ചോദ്യം ചെയ്യണം.  ക്രിസ്തു പറഞ്ഞതിന് വിരോധമായി ഉള്ള ഏതു ഉപദേശങ്ങളും എതിര്‍ക്കപ്പെടണം; ബൈബിള്‍ വിരോധമായതും.


ശത്രുക്കളെ സ്നേഹിക്കുക- ലോകത്തില്‍ ഒരു നേതാവോ, തത്വജ്ഞാനിയോ, ആത്മീയ ആചാര്യന്മാരോ  ചിന്തിക്കുന്നതിനും അപ്പുറമായ വിപ്ലവാത്മകതയായിരുന്നു യേശുവിന്‍റെ ഈ ഉപദേശത്തില്‍ നിറഞ്ഞു നിന്നത്. യേശുവിന്‍റെ വാക്കുകള്‍ ഇപ്രകാരമാണ് “നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിന്‍, അവര്‍ക്ക് നന്മ ചെയ്‍വിന്‍; ഒന്നും പകരം ഇശ്ചിക്കാതെ കടം കൊടുപ്പിന്‍ എന്നാല്‍ നിങ്ങളുടെ പ്രതിഭലം വളരെ ആകും.” യേശുവിന്‍റെ പീഡാനുഭവത്തിനു മുന്നോടിയായി അവനെ പിടികൂടുവാന്‍ മഹാപുരോഹിതരും വലിയൊരു പുരുഷാരവും വാളും വടികളുമായി എത്തി. യേശുവിന്‍റെ ശിഷ്യനായ യൂദയായിരുന്നു യഹൂദരില്‍ നിന്നും കൈക്കൂലി വാങ്ങി, അവനെ കാണിച്ചു കൊടുക്കാന്‍ മുന്‍പില്‍ നിന്നത്. കാണിച്ചു കൊടുക്കുന്നതിന്‍റെ അടയാളമായി യൂദ യേശുവിനെ ചുംബിച്ചപ്പോള്‍, ഇവന്‍ തന്നെയാണ് തന്നെ കാണിച്ചു കൊടുക്കാന്‍ പോകുന്നത് എന്നറിയാമായിരുന്ന യേശു, “സ്നേഹിതാ” എന്നാണു യൂദായെ സംബോധന ചെയ്തത്. തുടര്‍ന്ന് യേശുവിനെ പിടിക്കാനായി ആഞ്ഞ മഹാപുരോഹിതന്‍റെ ദാസനെ യേശുവിന്‍റെ കൂടെയുള്ളവരില്‍ ഒരുവന്‍ വെട്ടി, അവന്‍റെ കാതു അറുത്തു. അപ്പോള്‍ യേശു അവനോടു പറഞ്ഞു “വാള്‍ ഉറയില്‍ ഇടുക, വാള്‍ എടുക്കുന്നവന്‍ ഒക്കെയും വാളാല്‍ നശിച്ചു പോകും” തുടര്‍ന്ന് യേശു അവന്‍റെ കാത് യഥാസ്ഥാനപ്പെടുത്തി. ശത്രുവിനെ സ്നേഹിക്കുക എന്ന് പ്രസംഗിക്കുക മാത്രമല്ല, തന്‍റെ പ്രവര്‍ത്തിയിലൂടെ കാണിച്ചു കൊടുക്കുകയും യേശു ചെയ്തു. ഗാന്ധിജിയുടെ അഹിംസസിദ്ധാന്തം ഈ തത്വത്തില്‍ നിന്നും കടം കൊണ്ടതാണ് എന്ന് വേണമെങ്കില്‍ പറയാം. ക്രിസ്തീയതയെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലങ്കില്‍ പോലും ക്രിസ്തുവിലെ പൂര്‍ണ വ്യക്തിത്തത്തെ ഗാന്ധി പലപ്പോഴും തന്‍റെ ജീവിതത്തിലേക്ക് പകര്‍ത്തി. തന്‍റെ വലത്തെ ചെകിട്ടത്ത് അടിച്ച ബ്രിട്ടീഷുകാരന് ഇടത്തെ കവിളും കൂടി ഗാന്ധിജി കാണിച്ചു കൊടുത്തതു യേശുവിന്‍റെ വാക്കുകളെ ഉള്‍കൊണ്ടു കൊണ്ടാണ്. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, എന്നീ പ്രവര്‍ത്തന ശൈലികള്‍ ഉള്‍ക്കൊണ്ട ഇതര പുരാണ ഇതിഹാസങ്ങളിലെ കഥാപാത്രങ്ങള്‍ ഒരു കഥാകാരന്‍റെ തൂലികയിലോ, ഒരു ഇതിഹാസ രചനയുടെ ഇതിവൃത്തത്തിലോ ഒതുങ്ങുമ്പോള്‍, അവരുടെ അഭ്രപാളികളില്‍ ഉള്‍ക്കൊള്ളിക്കാനാവാത്ത വ്യക്തിത്തം ആണ് യേശുവിന്‍റെത്. “കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നരുളി ചെയ്തത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ, ഞാനോ നിങ്ങളോട് പറയുന്നത് ദുഷ്ടനോട് എതിര്‍ക്കരുത്, നിന്‍റെ വലത്തെ ചെകിട്ടത്ത്‌ അടിക്കുന്നവന് മറ്റേതും തിരിച്ചു കാണിക്ക; നിന്‍റെ വസ്ത്രം എടുപ്പാന്‍ ഇശ്ചിക്കുന്നവനു നിന്‍റെ പുതപ്പും കൂടി വിട്ടു കൊടുക്ക” എന്ന യേശുവിന്‍റെ വാക്കുകള്‍ മത്തായി 5:38-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.     
 
.

2014 ഓഗസ്റ്റ് 9, ശനിയാഴ്‌ച

പൊതുസമൂഹത്തില്‍ എന്തു സംഭവിച്ചാലും എനിക്കൊന്നും ഇല്ല!

ഞാനും, എന്‍റെ കുടുംബവും സുഖമായി ജീവിക്കണം, ഞാന്‍ ഭാഗമായിരിക്കുന്ന കൂട്ടായ്മയിലും ഞങ്ങള്‍ സന്തുഷ്ടന്‍ ആയിരിക്കണം. പുറത്തെ സമൂഹത്തിനു എന്തു സംഭവിച്ചാലും എനിക്കൊന്നും ഇല്ല. ഇതാണ് ഇന്നു നല്ലൊരു ശതമാനം ആള്‍ക്കാരും ചിന്തിക്കുന്നതും, അതിനനുസരിച്ച് ജീവിതം നയിക്കുന്നതും. വിശുദ്ധര്‍ എന്ന് അവകാശപ്പെടുന്ന തങ്ങളുടെ ചെറിയ കൂട്ടം വിട്ടു, പൊതുസമൂഹത്തില്‍ നടക്കുന്ന ഒരു നന്മ പ്രവര്‍ത്തികളിലും അവര്‍ ഭാഗഭാക്കാകാറില്ല. ക്രിസ്തുവിനെ പിന്‍പറ്റുന്നു എന്ന് അവകാശപ്പെടുന്ന സമൂഹങ്ങളില്‍ ആണ് കൂടുതലും ഈ അപച്യുതി സംഭവിച്ചിരിക്കുന്നത്. പുറമേ നിന്നു നോക്കിയാല്‍ നല്ല വെടിപ്പും വൃത്തിയും, എന്നാല്‍ അകത്തോ, ചീഞ്ഞളിഞ്ഞ തത്വസംഹിതകളും ദുരാചാരങ്ങലും. ദുരാചാരങ്ങള്‍ എന്ന് ഉദ്യേശിച്ചത്‌ പള്ളി പെരുന്നാളോ, പരിശുദ്ധന്‍റെ കബറിടത്തിലേക്കുള്ള പദയാത്രയോ, പ്രഖ്യാപിത മരണാനന്തരപട്ടം ലഭിച്ച വിശുദ്ധന്‍റെ ചിതാഭസ്മവുമായി കുരിശടി ചുറ്റിയുള്ള റാസയോ മാത്രം അല്ല; സഭാധ്യക്ഷന്‍ കാണാപ്പാടം പഠിപ്പിച്ച മറുഭാഷയുരുവിടലും, ധനം മാത്രം ലക്ഷ്യംആക്കിയുള്ള കള്ളപ്രവചനങ്ങളും, രോഗശാന്തി തള്ളുകളും ഒക്കെ ഇതില്‍ പെടും.  പുറമേ ഭക്തിയുടെ വേഷം, അകമോ പൈശാചിക പ്രവര്‍ത്തനങ്ങളുടെ കൂത്തരങ്ങ്. തങ്ങള്‍ വിശുദ്ധ ജനം എന്ന് അവര്‍ തന്നെത്താന്‍ നടിക്കുന്നു, മറ്റുള്ളവര്‍ എല്ലാം ജാതികളും. തങ്ങളുടെ കൂട്ടത്തില്‍ പെടാത്ത ആരുടേയും കാര്യത്തില്‍ അവര്‍ തല്‍പരര്‍ അല്ല. വെള്ള തേച്ച ശവക്കല്ലറകളെ എന്ന് ക്രിസ്തു വിളിച്ചതും ഇവരെ തന്നെയാണ്. ക്രിസ്തു എന്തിനാണ് ഭൂമിയിലേക്ക്‌ വന്നത് എന്ന് സൗകര്യ പൂര്‍വ്വം ഇവര്‍ മറക്കുന്നു. വിശുധനെയും, വിശുദ്ധന്‍ എന്ന് നടിക്കുന്നവനെയും തേടിയല്ല അവന്‍ വന്നത്, പിന്നെയോ പാപിയെ തേടി, പാപിയെ നേര്‍വഴി കാണിക്കാന്‍ വേണ്ടി. ഭക്തി എന്നാല്‍ സ്വജനപ്രീണനമോ, പുറമേ “കര്‍ത്താവേ, കര്‍ത്താവെ” എന്ന് വിളിച്ചു തംബാറിന്‍റെ താളത്തിനൊത്ത് ആടി തകര്‍ക്കുന്നതോ, കൂട്ടത്തിനോത്ത് തുള്ളുന്നതോ, അല്ല. താളത്തിനൊത്തുള്ള തുള്ളലിനെ പലപ്പോഴും പരിശുദ്ധാത്മ പ്രവര്‍ത്തനം എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. അങ്ങിനെയെങ്കില്‍ താളത്തിനൊത്തുള്ള തുള്ളലില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഡിസ്കോ, ഡിജെ ബാറുകള്‍ ആവും. യാക്കോബ് 1:27 ഇപ്രകാരം പറയുന്നു. “പിതാവായ ദൈവത്തിന്റെ മുന്‍പാകെ ശുദ്ധവും നിര്‍മലവും ആയ ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തില്‍ ചെന്ന് കാണുന്നതും, ലോകത്താലുള്ള കളംകം പറ്റാത്തവണ്ണം തന്നത്താന്‍ കാത്തു കൊള്ളുന്നതും ആകുന്നു. “എന്നെ കര്‍ത്താവേ കര്‍ത്താവേ എന്ന് വിളിക്കുന്നവന്‍ അല്ല, എന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ എനിക്ക് പ്രിയമുള്ളവന്‍” എന്ന് ക്രിസ്തുവും വ്യക്തമാക്കിയിട്ടുണ്ട്. കര്‍ത്താവിന്റെ ഇഷ്ടം ചെയ്യുന്നവരുള്ള കൂട്ടായ്മകള്‍ ഇന്ന് വിരലില്‍ എണ്ണാവുന്നവ മാത്രമായി ചുരുങ്ങിയിരിക്കുന്നു.


ഇന്നു പലരും ആത്മാവിന്‍റെ ഫലങ്ങള്‍ പ്രാപിക്കുന്നതും പുറപ്പെടുവിക്കുന്നതും വിട്ടു ആത്മാവിന്റെ വരങ്ങള്‍ക്കായി ആണ് നെട്ടോട്ടം ഓടുന്നത്. പരിജ്ഞാനം, വിശ്വാസം, രോഗശാന്തി, വീര്യപ്രവര്‍ത്തികള്‍, ആത്മാക്കളുടെ വിവേചനം, ഭാഷാവരം, വ്യാഖ്യാനവരം തുടങ്ങി ആത്മാവിന്‍റെ വരങ്ങള്‍ പ്രാപിക്കുക അത്ര എളുപ്പമുള്ള കാര്യം അല്ലന്നു എല്ലാ കൂട്ടായ്മക്കാര്‍ക്കും അതിലുപരി കര്‍തൃദാസന്മാര്‍ എന്നു പേര്‍വിളിക്കപ്പെട്ടവര്‍ക്കും അറിവുള്ള കാര്യം ആണ്. അതുകൊണ്ടാണ് അവയെ അനുകരിക്കാന്‍ ഉള്ള വാഞ്ജ കൂടുതല്‍ പ്രകടം ആകുന്നതു. സഭയില്‍ എല്ലാവരും ചെയ്യുന്നത് ഞാന്‍ ചെയ്തില്ലങ്കില്‍ ഞാന്‍ മോശക്കാരന്‍ ആകും എന്നുള്ള മാനസിക പ്രശ്നം ആണ് അനുകരണങ്ങള്‍ക്ക് ഒരു പരിധി വരെ കാരണം. പിന്നെ കള്ളദാസന്‍മാരുടെ പ്രചോദനവും. വരങ്ങളെ അനുകരിക്കുകയും പേരും പെരുമയും, തന്മൂലം ധനവും സമ്പാദിക്കുകയും ചെയ്യുക എന്നതു ഇന്ന് കണ്ടു വരുന്ന പ്രവണത ആണ്. ചില മതങ്ങളിലോ, സഭയിലോ, സമൂഹത്തിലോ മാത്രം അല്ല ഈ വിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിനെയോ, മതത്തിനെയോ, സഭയെയോ പറ്റി മാത്രം അല്ല ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. കുറെ ദിവസം മുന്‍പ് ഒരു ബിഷപ്പ് തന്‍റെ (അ)വിശുദ്ധ തള്ളി വീഴ്ത്തല്‍ പ്രക്രിയ നിര്‍വഹിക്കുന്നത് TV-യിലൂടെ കാണുകയുണ്ടായി. പൈശാചികന്‍ സമൂഹത്തിന്‍റെ എല്ലാ തട്ടുകളിലും തന്‍റെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു. വരങ്ങളെ പ്രക്ത്യക്ഷ അനുകരിക്കുകയും തങ്ങള്‍ക്കു ആത്മവരങ്ങള്‍ ലഭിച്ചു എന്ന് കള്ളപ്രചരണം നടത്തുകയും ചെയ്യാന്‍ എളുപ്പം ആണ്. എന്നാല്‍ ഈ അനുകരണം നടത്തുന്നവരില്‍ നിന്ന് ഫലങ്ങള്‍ പുറപ്പെടുന്നില്ല. ആത്മാവിന്‍റെ ഫലങ്ങളെ അനുകരിക്കുക സാധ്യം അല്ല. ആത്മാവിന്‍റെ വരം പ്രാപിച്ചവര്‍ തീര്‍ച്ചയായും സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം എന്നിങ്ങനെയുള്ള ആത്മാവിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കും. ഫലം
പുറപ്പെടുവിക്കാത്തവന്‍ കള്ളന്‍ ആണ്. ഈ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ ജാതി-മത--വര്‍ഗ്ഗ-ലിംഗ വ്യത്യാസം കൂടാതെ എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊള്ളും. 1കോരി:12:1 ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു “എന്നാല്‍ ആത്മാവിന്റെ പ്രകാശനം പൊതു പ്രയോജനത്തിനായി നല്‍കപ്പെടുന്നു”. എന്‍റെയും, കുടുംബത്തിന്റെയും, എന്‍റെ വിശുദ്ധ കൂട്ടായ്മയുടെയും മാത്രം കാര്യങ്ങളില്‍ വ്യാപ്രിതര്‍ ആവുന്നവര്‍ കള്ളന്മാര്‍ എന്ന് അര്‍ത്ഥം.

ആത്മാവിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നത് പ്രവര്‍ത്തികളിലൂടെ ആണ്. അതുപോലെ തന്നെ ആത്മവരമായ വിശ്വാസവും പ്രവര്‍ത്തികള്‍ ഇല്ലാതെയായാല്‍ സ്വതവേ നിര്‍ജീവം ആകുന്നു. ആത്മാവ് ഇല്ലാത്ത ശരീരം നിര്‍ജീവം ആയിരിക്കുന്നത് പോലെ പ്രവര്‍ത്തി ഇല്ലാത്ത വിശ്വാസവും നിര്‍ജീവം ആകുന്നു. (ref:Jacob, chapter:2)

2014 ജൂൺ 20, വെള്ളിയാഴ്‌ച

എന്‍റെ പാട്ടുകള്‍


1.

ലോകത്തിന്‍ പാപത്തെ നീക്കിടുവാനായി രക്ഷകന്‍ യാഗമായി
രക്ഷയെ മാനവന് സ്വായത്തമാക്കാനായ്‌ തന്‍താനേ ക്രൂശിലേറി
തിരുമുറിവില്‍ ചീന്തിയ രക്തത്തിനാലെയെന്‍ പാപങ്ങള്‍ മോചിതമായ്‌
നിത്യജീവനില്‍ ഞാന്‍ ആംശിയായ്..
                                                   
ക്രൂശിതനായവന്‍ പിന്നാലെ തന്റെ ക്രൂശുമെടുത്ത് ഞാന്‍ പിന്നാലെ (2)
യാത്ര ചെയ്യും ഞാന്‍ പാപവും വിട്ടു ഭാരവും വിട്ടു
കാതങ്ങള്‍ താണ്ടും കാല്‍വരി തന്നിലെ രക്ഷയിലേക്ക്
കാല്‍വരി കുന്നിലെ ശീതള ഛയയാം രക്ഷയിലേക്ക്...    (ലോകത്തിന്‍)
 
മോഹങ്ങള്‍ എന്നെ വിളിച്ചാലും ലോക ഭോഗങ്ങള്‍ മാടി വിളിച്ചാലും (2)
പോകില്ല ഞാന്‍ സത്യ മാര്‍ഗങ്ങള്‍ വിട്ടു പാപത്തിന്‍ പാതേ
പാപത്തിന്‍ ശമ്പളം മരണമതെന്നു നീ ഓര്‍ത്തു നീ നിലക്ക
പോകുക ജീവന്റെ ശീതള ഛയയാം രക്ഷയിലേക്ക്...    (ലോകത്തിന്‍)
            ------------------------X---------------------------

2.

യാത്രകളില്‍ കൂടയുന്ടെന്‍ നാഥനാമീശോ
മരുഭൂപ്രയാണ യാത്രയിലും താങ്ങി നടത്തി
കാലിലൊരു മുള്ള് പോലും ഏശിടാതവന്‍
ശൈലമായും കോട്ടയായും കാത്തിടുന്നെന്നെ
 
മുള്‍വഴിതന്‍ കാഠിന്യത്താല്‍ അവക്ജജനായപ്പോള്‍  
നിരാകരിക്കപ്പെട്ടു ബന്ധു സ്നേഹിതന്മാരാല്‍
ഭയപ്പെടേണ്ടന്നരുളപ്പാടാല്‍ ധൈര്യം അവനേകി
തന്‍ മാര്വിടത്ത്തില്‍ ചെര്ത്തണച്ചു ബലം ധരിപ്പിച്ചു.. (യാത്ര)   
 
യാത്രകളതോ വീണ്ടും ദീര്‍ഘമായുണ്ട്  
മുള്ളുകളും കറകളും വഴിയില്‍ നീളെ
ഞാന്‍ ഭ്രാമിക്കില്ല ലേശം അധൈര്യനാവില്ല
കാരണമോ രക്ഷകനെന്‍ കൂടെയുള്ളതാല്‍.......  (യാത്ര)
 
            ------------------------X---------------------------

 3.

യേശു എന്റെ ജീവിതത്തില്‍ കൂടയുള്ളതാല്‍
വഴികാട്ടിയായും ഇടയനായും പാലകനായും
എന്റെ പാപഭാരം ആകവേ തന്‍ തോളിലേറ്റ്താല്‍
ഭാഗ്യവാന്‍ ഞാന്‍ ഭൂതലേ ഏറ്റം
 
എന്നെ വിടുവിക്കാന്‍ കാല്‍വരിക്രൂശില്‍
അവസാന രക്തവും ചൊരിഞ്ഞു തന്നതാല്‍
നീ എന്നെ വീണ്ടെടുത്ത്‌ രക്ഷയിലാക്കി
ഞാന്‍ എന്ത് പകരം നല്‍കീടും... (യേശു എന്റെ)
 
പൂര്‍ണ ഹൃദയത്തോടെ ഞാന്‍ സ്തുതിക്കും
നിന്റെ അത്ഭുദങ്ങള്‍ ആകവേ ഞാന്‍ പാടി സ്തുതിക്കും
നീ എന്നെ ഓരോ നാളും നടത്തുന്നതും
അത്ഭുതം അത്ത്ത്ഭുതം തന്നെ..  (യേശു എന്റെ)
            ------------------------X---------------------------
   

 4.

എന്നെ നടത്തിയോന്‍ എന്നെ കരുതിയോന്‍
എന്നെ വിടുവിച്ചോന്‍ ഞാന്‍ നിന്നില്‍ ആശ്രയിക്കും
 
ഭാരങ്ങള്‍ വന്നീടിലും ശോകങ്ങള്‍ വന്നീടിലും
നിന്‍ മാര്‍വില്‍  ചാരീടും ഞാന്‍
യേശുവേ എന്‍ രക്ഷകാ ...   (എന്നെ)
 
നടത്തിയ വഴി-കള്‍ക്കായ്‌ കരുതിയ വിധങ്ങള്‍ക്കായ്‌
നന്ദിയോടെ ഞാന്‍ വരുന്നു
സ്വീകരിക്കേശു നാഥാ ....    (എന്നെ)
 
            ------------------------X---------------------------

2014 ജൂൺ 14, ശനിയാഴ്‌ച

നശ്വരം ആയ മനുഷ്യര്‍

മനുഷ്യന്‍ നശ്വരന്‍ ആണ്; ജനിച്ചാല്‍ ഒരു ദിവസം മരിക്കണം. ഈ പ്രപഞ്ച സത്യം മനസിലാക്കി ജീവിക്കുന്നവര്‍ ആണ് ലോകത്തില്‍ ഏറ്റവും വലിയ ഭാഗ്യവാന്‍മാര്‍. കുറെ എല്ലുകള്‍, അവ കൂട്ടി യോചിപ്പിച്ചു ക്ലാമ്പുകള്‍. ഈ കൂടിനെ പൊതിഞ്ഞു രക്തവും മാംസവും; മൊത്തത്തില്‍ പൊതിഞ്ഞു ചര്‍മവും. ഈ പറഞ്ഞ ഭാഗങ്ങള്‍ ഒന്നും ബലവത്തായ കാസ്റ്റ് അയണിലോ തുരുമ്പു പിടിക്കാത്ത സ്റ്റീലിലോ ഒടിഞ്ഞു പോകാത്ത എയര്‍ക്രാഫ്റ്റ് അലുമിനിയത്തിലോ ഉണ്ടാക്കിയതല്ല. ഈ മുഴുവന്‍ ഭാഗങ്ങളെയും നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ജീവന്‍ (ഒരു മനുഷ്യനും ഒരു നാളും കണ്ടു പിടിക്കാനോ നിര്‍മിക്കാനോ സാധിക്കാത്ത ഇന്‍റെണല്‍ മെക്കാനിസം കണ്‍ട്രോള്‍) എന്ന ദൈവിക ശക്തി ഇല്ല എങ്കില്‍ കുറെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ  ദ്രവിച്ചു പോകുന്ന വസ്തുക്കള്‍ ആണ് മനുഷ്യന്‍റെ റോ-മെറ്റീരിയല്‍സ് !  

ഒരിക്കല്‍ ഒരാള്‍ക്ക് ദൈവദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷനായി “നിനക്ക് പത്ത് ദിവസം കൂടിയേ ആയുസുള്ളൂ” എന്ന് പറഞ്ഞു. ഇതു അയ്യാളെ വേദനപ്പെടുത്തി, എങ്കിലും അടുത്ത പത്ത് ദിവസം വളരെ പ്ലാന്‍ ചെയ്തു ജീവിക്കാന്‍ അയ്യാള്‍ തീരുമാനിച്ചു. കാരണം ഇനിയുള്ള ദിവസങ്ങളിലെപ്പോലെ ആയിരിക്കും തന്‍റെ ഇഹലോക വാസം തീരുമാനിക്കപെടുക എന്ന് അയ്യാള്‍ക്ക് നല്ല ബോധം ഉണ്ടായിരുന്നു. ആരാധനാലയത്തില്‍ ഒരുക്കലും കയറാത്ത അയ്യാള്‍ അന്ന് പോയി കണ്ണ് നീരോടെ പ്രാര്‍ഥിച്ചു. പണം ഉണ്ടാക്കി സ്വരൂപിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം ഉണ്ടായിരുന്ന അയ്യാള്‍ അന്ന് തെരുവില്‍ കൈനീട്ടിയ ആള്‍ക്ക് ആഹാരം വാങ്ങി കൊടുത്തു. പണം ഉണ്ടാക്കാന്‍ പല കുറുക്കു വഴികളും സ്വീകരിച്ചു നെട്ടോട്ടം ഓടിയിരുന്ന ആ മനുഷ്യന്‍ അത് നിര്‍ത്തി. തനിക്കു കൊള്ളപ്പലിശ തരാനുണ്ടായിരുന്ന ആള്‍ക്ക് പലിശ ഇളച്ചു കൊടുത്തു. ജോലിക്ക് ശേഷം കൂട്ടുകാരോടൊപ്പം മദ്യശാലകളില്‍ സമയം ചിലവഴിച്ചിരുന്ന അയ്യാള്‍ നേരത്തെ തന്നെ വീട്ടിലെത്തി തന്‍റെ വീട്ടുകാരോടും കുഞ്ഞുങ്ങളുമായും കൂടുതല്‍ സമയം ചെലവിടാന്‍ തുടങ്ങി; വീട്ടില്‍ ആരുമായും ദേഷ്യപ്പെടാതെയായി. തനിക്കു പിണക്കം ഉണ്ടായിരുന്നവരോടെല്ലാം സ്നേഹത്തില്‍ ഇടപെട്ടു. അയല്പക്കത്ത് താമസിക്കുന്ന സഹോദരനുമായി ഉണ്ടായിരുന്ന അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിച്ചു.

പത്ത് ദിവസം ആയുസ് കിട്ടിയ ഒരാള്‍ക്ക്‌ ഇത്രയൊക്കെ ചെയ്യാന്‍ കഴിഞ്ഞെങ്കില്‍, അടുത്ത നിമിഷം പോലും നമ്മുടേതല്ല എന്ന് മനസിലാകുന്ന ഒരാള്‍ക്ക്‌ എത്ര മാത്രം നന്മയോടെ ഈ ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കും.

ഈയ്യിടെ എന്നെ വളരെ സ്വാധീനിച്ച ഒരു ഗാനമാണ് “പോകുന്നെ ഞാനും” എന്ന വരികളില്‍ തുടങ്ങുന്നതു. ഒരു വിശ്വാസി എത്ര സന്തോഷത്തോടു കൂടി തന്‍റെ അന്ത്യ നാളുകളെ സമീപിക്കണം എന്നു ആ ഗാനം വ്യക്തമായ രൂപം തരുന്നു.

“പോകുന്നെ ഞാനും എന്‍ ഗൃഹം തേടി ദൈവത്തോടോത്ത് ഉറങ്ങീടാന്‍
എത്തുന്നെ ഞാനും നാഥന്‍റെ ചാരെ പിറ്റെന്നോപ്പം ഉണര്‍ന്നീടാന്‍
കരയുന്നോ നിങ്ങള്‍ എന്തിനായ് ഞാനെന്‍ സ്വന്ത ദേശത്ത് പോകുമ്പോള്‍
കഴിയുന്നു യാത്ര ഇത്രനാള്‍ കാത്ത ഭവനത്തില്‍ ചെന്ന് ചേര്‍ന്നിടാന്‍
           ദേഹമെന്നോര വസ്ത്രമൂരി ഞാന്‍ ആറടി മണ്ണിലാഴ്തവെ
           ഭൂമിയെന്നോരാ കൂട് വിട്ടു ഞാന്‍ സ്വര്‍ഗമാം വീട്ടില്‍ ചെല്ലവേ
           മാലാഖമാരും ദൂതരും മാറി മാറി പുണര്‍ന്നുപോല്‍
           ആധിവ്യാധികളന്യമായ്, കര്‍ത്താവേ ജന്മം ധന്യമായ്
സ്വര്‍ഗ്ഗ രാജ്യത്തില്‍ ചെന്നനേരത്തു കര്‍ത്താവെന്നോട് ചോദിച്ചു
സ്വന്ത ബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍ നൊന്തു നീറിയോ നിന്‍മനം
ശങ്ക കൂടാതെ ചൊല്ലി ഞാന്‍, കര്‍ത്താവെ ഇല്ല തെല്ലുമേ
എത്തി ഞാന്‍ എത്തി സന്നിധെ, ഇത്ര നാള്‍ കാത്ത സന്നിധെ”

 ഇതില്‍ ഏറ്റവും എന്നെ ആഘര്‍ഷിച്ച ഒരുഭാഗമാണ് സ്വന്ത ബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍ നിന്‍റെ മനം നീറിയോ കുഞ്ഞേ എന്ന് സ്വര്‍ഗരാജ്യത്തില്‍ കര്‍ത്താവ്‌ ചോദിച്ച ഭാഗം. ഇല്ല കര്‍ത്താവെ എന്ന് അവിടെ പറയാന്‍ കഴിയണമെങ്കില്‍ ഈ ലോകത്തോടുള്ള സ്നേഹത്തിനു ഒരു അതിര്‍വരമ്പു നമ്മള്‍ കല്‍പിക്കണം. ക്രിസ്തീയ ശവസംസ്കാര ശുശ്രൂഷയുടെ സമയത്ത് വളരെ അര്‍ഥവത്തായ ഒരു ഭാഗം ഇങ്ങനെയുണ്ട് “ഇതാകുന്നു നിന്‍റെ അവസാനമെങ്കില്‍ നിന്‍റെ സൌന്ദര്യത്തില്‍ നീ അഹങ്കരിക്കുന്നതെന്തു? ഇതാകുന്നു നിന്‍റെ അവസാനമെങ്കില്‍ നിന്‍റെ ധനസമൃദ്ധിയിലും പ്രതാപത്തിലും നീ അഹങ്കരിക്കുന്നതെന്തു?”. എത്ര വാസ്തവമായ കാര്യം. വചനം ഇങ്ങനെ പറയുന്നു, “ലോകവും അതിന്‍റെ മോഹവും ഒഴിഞ്ഞു പോകും, എന്നാല്‍ ദൈവേഷ്ടം ചെയ്യുന്നവനോ എന്നാളും ജീവിക്കും” ലോകത്തിന്‍റെ മോഹങ്ങളെ അതിജീവിക്കാനും ഒരു നന്മ നിറഞ്ഞ ജീവിതം നയിക്കാനും സര്‍വേശ്വരന്‍ നമ്മളെ തുണയ്ക്കട്ടെ.

2014 ഫെബ്രുവരി 1, ശനിയാഴ്‌ച

മാരാമണ്‍ - ചില ഓര്‍മക്കുറിപ്പുകള്‍....

മാരാമാണ്ണിലെ ഓര്‍മകളില്‍ ആദ്യം വരുക ഈന്തപ്പഴമാണ്.  കുട്ടിക്കാലത്ത് കണ്‍വെന്‍ഷനു  പോകുന്നതിലെ പ്രധാന ഉദ്യേശം ഈന്തപ്പഴം വാങ്ങുക എന്നതായിരുന്നു. പിന്നെ പാട്ട് പുസ്തകം, കാസറ്റുകള്‍, പലതരം അണ്ടിപ്പരിപ്പുകള്‍ മുതലായവയും പര്ച്ചേസ് ഐറ്റങ്ങള്‍ ആണ്.  വീട്ടിലേക്ക് പലപ്പോഴും പുതുക്കി വാങ്ങുന്ന ആരാധന ക്രമങ്ങള്‍ മുതിര്‍ന്നവരുടെ കയ്യില്‍ നിന്നും വാങ്ങി പിടിച്ചു കൊണ്ട് പോകുന്നതു ഒരു വലിയ ഗമ ആയിരുന്നു. എന്നാല്‍ ഏറ്റവും വലിയ പ്രയാസം പന്തലില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഇരിക്കുക എന്നതായിരുന്നു. ആ സമയം മണല്‍കല്ലുകള്‍ വാരി കളിച്ചും, പിന്നെ കുറെ സമയം ഉറങ്ങിയും ഒക്കെ നേരം പോക്കുമായിരുന്നു.  ഇഗ്ലീഷിലും മലയാളത്തിലും മാറി മാറി വരുന്ന പ്രസംഗം ഒന്ന് കഴിഞ്ഞിട്ട് വേണം പ്രധാന ആഗമന ഉദ്യേശത്തിലേക്ക് കടക്കാന്‍.

കുറെകൂടി മുതിര്‍ന്നപ്പോള്‍ പിന്നെ കാഴ്ചകള്‍ കാണാനായിരുന്നു പോക്ക്. വീട്ടുകാരോട് കൂടെ പോകുന്നതിനേക്കാള്‍ താല്പര്യം കൂട്ടുകാരോടൊപ്പം പോകുന്നതായിരുന്നു. വീട്ടുകാരോടൊപ്പം പോയാല്‍ പിന്നെ പന്തലില്‍ തന്നെ ഇരിക്കണം എന്നാല്‍ കൂട്ടുകാര്‍ കൂടി ആവുമ്പോള്‍ പന്തലില്‍ കയറാതെ കണ്‍വെന്‍ഷന്‍ നഗരി മുഴുവന്‍ കറങ്ങി സമയം ചിലവഴിക്കാം. പിന്നെ ഒരു പ്രധാന പ്രശ്നം എന്തായിരുന്നു എന്ന് ചോദിച്ചാല്‍ വൈകിട്ട് വീട്ടില്‍ ചെല്ലുമ്പോള്‍ അപ്പച്ചന്‍ ചോദിക്കും എന്തായിരുന്നെടാ മക്കളെ ഇന്നത്തെ പ്രസംഗ വിഷയം എന്ന്‌.  അതിനും വഴി കണ്ടു പിടിച്ചു; പോകുമ്പോള്‍ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിന്റെ പബ്ലിഷ് ചെയ്ത ഒരു പേപ്പര്‍ കോപ്പി വാങ്ങികൊണ്ട് പോകും, എന്നിട്ട് വല്യപ്പച്ചനോട് പറയും, ഇന്നത്തെ പ്രസംഗം ഒരു കാശിനും കൊള്ളില്ലായിരുന്നു.  എന്നാല്‍ ഇന്നലത്തേതു അടിപൊളി ആയിരുന്നു എന്ന് പറഞ്ഞു ആ പ്രസംഗത്തിന്‍റെ കോപ്പി അങ്ങ് കൊടുക്കും. അതോട്കൂടി ആ പ്രശ്നത്തിനു പരിഹാരം ആവും.

കുറെക്കുടി വലുതായപ്പോള്‍ ആണ് കണ്‍വെന്‍ഷന്‍ എന്താണെന്നും അതിന്‍റെ ഉദ്യേശം എന്താണെന്നും മനസിലാക്കാന്‍ സാധിച്ചത്. എന്നാലും ചെറുപ്പത്തിന്‍റെ തുടക്കത്തില്‍ ഒരു സംശയം ബാക്കി ആയിരുന്നു.  ഈ ഇംഗ്ലീഷ്കാര്‍ ഒക്കെ വന്നു പ്രസംഗിക്കുന്നതിനെക്കാള്‍ എത്രയോ ആത്മിക വര്‍ധനവ്‌ വരുത്തുന്ന പ്രസംഗങ്ങള്‍ ആണ് നാട്ടിലെ ചില യോഗങ്ങളിലേത്..... പിന്നെ ചില റ്റിവി പ്രോഗ്രാമുകളിലും ഒക്കെ കേള്‍ക്കുന്നത്.  എന്നാല്‍ പക്വതയുടെ പടിവാതിലിലേക്ക് കടന്നപ്പോള്‍ മനസിലായി പണ്ട് ആത്മിക വര്‍ധനവ്‌ വരുത്തി എന്നു തോന്നിപ്പിച്ചവ ഒക്കെ വെറും പ്രോസ്പിരിറ്റി ഗോസ്പലിന്റെ ഭാഗങ്ങള്‍ മാത്രം ആയിരുന്നു എന്ന്. ദൈവത്തില്‍ ആശ്രയിക്കുന്നത് വെറും ധനത്തിനും മാനത്തിനും പിന്നെ രോഗശാന്തിക്കും വേണ്ടി മാത്രം ആണ് എന്ന് തോന്നിപ്പിക്കുന്നവയായിരുന്നു പല പ്രസംഗങ്ങളും. ആവിധ പ്രഹസനങ്ങളില്‍ ഒക്കെ തെറ്റിദ്ധരിക്കപ്പെട്ടവര്‍ പ്രാസംഗികന്‍ പറഞ്ഞ കാലയളവില്‍ പണം ലഭിക്കുകയോ, കടത്തില്‍ നിന്ന് വിടുതല്‍ ലഭിക്കുകയോ, രോഗശാന്തി പ്രാപിക്കുകയോ ചെയ്യാതെ വന്നാല്‍പിന്നെ അയ്യാള്‍ പ്രസംഗിച്ച വിശ്വാസത്തിനു എന്ത് പ്രസക്തി നല്‍കും? ദൈവ വചനം പ്രമാണിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന ചില ആനുഗ്രഹങ്ങള്‍ മാത്രമാണ് ലോക നന്മകള്‍ എന്നും അത് മാത്രമാകരുത് നമ്മുടെ ലക്‌ഷ്യം എന്നും മനസിലാക്കുന്നത് ഉചിതമായിരിക്കും.


യഥാര്‍ഥ വിശ്വാസവും വിശ്വാസ ജീവിതവും എന്താണെന്നും അതിന്റെ അര്ഥതലങ്ങള്‍ എത്രമാത്രം ആഴമുള്ളതാണെന്നും വിവിധ വേദശാസ്ത്ര പണ്ഡിതന്മാരില്‍ നിന്നും മനസിലാക്കണമെങ്കില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്തേക്ക് നാം സഞ്ചരിക്കണം. നമ്മുടെ ഭാഷ അറിയാവുന്നവര്‍ മാത്രം പോരെ കണ്‍വെന്‍ഷനു പ്രസംഗിക്കാന്‍ എന്നതു അര്ഥശൂന്യമായ ചിന്തയാണെന്നു ആ നാളുകളില്‍ മനസിലാക്കി. മാരാമണ്‍ കണ്‍വെന്‍ഷനു ഇപ്പോള്‍ പോകുന്നത് വെറും കാഴ്ചകാണാന്‍ അല്ല പിന്നെയോ വചനത്തിന്‍റെ ആഴങ്ങളിലേക്ക് ഒരിക്കല്‍ കൂടി ഊളിയിടുവാനും, പുതിയ ആത്മീയ സത്യങ്ങള്‍ ഗ്രഹിക്കുവാനും ആണ്.  വെറുതെ കേട്ടിട്ടും ഗ്രഹിച്ചിട്ടും പ്രയോചനം ഇല്ല; കേട്ട വചനം ജീവിതത്തിന്‍റെ ഭാഗം ആക്കുമ്പോള്‍, അവ ജീവിതത്തില്‍ പ്രാവര്‍ത്തികം ആകുമ്പോഴാണ് നാം  യഥാര്‍ത്ഥ വിശ്വാസ ജീവിതത്തിന്റെ ഭാഗഭാക്കായി നിത്യജീവന്‍റെ അവകാശികളായി തീരുന്നത്.  ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ അതിനുള്ള ഒരു വേദി ആയി തീരട്ടെ എന്ന് സര്‍വേശ്വരനോട് പ്രാര്‍ഥിക്കുന്നു. 

2014 ജനുവരി 17, വെള്ളിയാഴ്‌ച

ദുര്‍ബല അതിരുകള്‍

ചില സന്ദര്‍ഭങ്ങളില്‍ നന്മയും തിന്മയും തമ്മിലുള്ള അതിര്‍ വളെരെ ദുര്‍ബലമാണ്. ശരി ഏതാണ് തെറ്റ് ഏതാണ് എന്ന് നമ്മള്‍ കണ്‍ഫ്യൂസ് ആക്കുന്നതും ഈ സമയങ്ങളിലാണ്. ഈ സമയങ്ങളില്‍ ശരിയെ വേര്‍തിരിച്ചു എടുക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ നമ്മള്‍ക്ക് ഉത്തമ മനുഷ്യന്‍ ആകുവാന്‍ സാധിക്കുകയുള്ളൂ.

മിക്കവാറും എല്ലാവരും ടിവി കാണുന്നവരാണ്; സിനിമയും. ഇതിനെ ഒരു തെറ്റായി ചിത്രീകരിക്കാന്‍ പറ്റില്ല. എന്നാല്‍ പഴയ കാലങ്ങളിലെയും ഇപ്പോഴത്തെയും ദര്‍ശന വീക്ഷണത്തില്‍ വ്യത്യാസം വന്നിട്ടില്ലേ? ദൂരദര്‍ശന്‍ പ്രക്ഷേപണം തുടങ്ങിയ ഘട്ടത്തില്‍ ആഴ്ചയില്‍ ഒരു സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെറിയ പ്രേമ രംഗങ്ങള്‍ വരുമ്പോള്‍ പോലും വീട്ടിലെ മുതിര്ന്നവര്‍ ടിവി യുടെ മുമ്പില്‍ നിന്നും മാറി പോകുമായിരുന്നു അല്ലെങ്കില്‍ ടിവി ഓഫാക്കാന്‍ പറയുമായിരുന്നു. എന്നാല്‍ ഇന്ന് ചുംബന രംഗങ്ങള്‍ എന്നല്ല കുറേക്കൂടി കടന്നവ പോലും കുടുംബത്തിലെ ആബാല വൃദ്ധ ജനങ്ങള്‍ ഒരുമിച്ചിരുന്നു കാണുന്നു. ഇന്നു നമ്മുടെ ജനപ്രിയ ചാനലുകളില്‍ കാണിക്കുന്ന പല സീരിയലുകളും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത രീതിയില്‍ മൂല്യച്ചുതി സംഭവിച്ചവ ആണ്. ഈ ചവറുകള്‍ ഒക്കെ കണ്ടുകൂട്ടുകയും അതിനെ പല കാരണങ്ങള്‍ നിരത്തി നമ്മള്‍ ന്യായീകരിക്കയും ചെയ്യുന്നു. നന്മയുടെ അല്ലെങ്കില്‍ സദാചാരത്തിന്റെ അതിരുകള്‍ ദുര്‍ബലം ആകുന്നില്ലേ?

കൈക്കൂലി എന്നാ തിന്മ നമ്മുടെ സമൂഹത്തില്‍ എങ്ങനെ വളരുന്നു? ആദ്യ സ്റ്റേജില്‍ ചെറിയ സമ്മാനങ്ങള്‍ ഉദാഹരണം. പേന, തൊപ്പി മുതലായവ. രണ്ടാമത് കുറേകൂടി വലിയവ ഉദാ. ബാഗ്, ക്യാമറ മുതലായവ, മൂന്നാമതായി പണവും വലിയ സമ്മാനങ്ങളും. ഒന്നാമത്തേതു ചെയ്ത സേവനത്തിനു ചെറിയ സമ്മാനം. ഇത് എവിടയും പതിവ്, ആരും കുറ്റം പറയില്ല. രണ്ടാമത്തേത് വരുമ്പോള്‍ സേവനത്തില്‍ നിന്നും കുറെ കൂടി അതിര്‍ കവിഞ്ഞ ഉപകാരത്തിന് പ്രതുപകാരം, വലിയ കുഴപ്പം ഇല്ല എന്ന് തോന്നും. മുന്നാമത്തേതു വരുമ്പോള്‍ ന്യായത്തിനും നീതിക്കും നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചു സഹായിച്ചതിനുള്ള കൈക്കൂലി ആയി അത് മാറുന്നു. ഇതിനെ ഒക്കെ നമ്മള്‍ ന്യായീകരിക്കുന്നുവോ? വലിയ കുഴപ്പം ഇല്ല എന്ന് തോന്നുന്ന അവസ്ഥയില്‍ നിന്നും ഒരു വലിയ ഒരു തിന്മയിലേക്ക്. അതിരുകള്‍ വളെരെ ദുര്‍ബലം


അനീതിയില്‍ നിന്നും അകന്നു നില്‍ക്കാന്‍ നമുക്ക് സാധിക്കണമെങ്ങില്‍ ആദ്യത്തെ സ്റെപ്പില്‍ നിന്ന് തന്നെ നമ്മള്‍ തുടങ്ങണം. എത്ര ചെറുതോ വലുതോ ആയിക്കോട്ടേ, അനര്‍ഹമായ ഒരു സമ്മാനവും വേണ്ട എന്ന് നമ്മള്‍ തീരുമാനം എടുക്കണം, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ കൂടി കാണാന്‍ പറ്റാത്ത സിനിമകളെയും സീരിയലുകളെയും തുടക്കത്തിലെ തന്നെ നമ്മുടെ വീട്ടില്‍ നിന്നും പുറത്താക്കണം. ഇതുപോലെ നിത്യജീവിതത്തിലെ എത്രയോ കാര്യങ്ങളില്‍ നമുക്ക് നന്മയുട കാവല്‍ ഭടന്‍മാരായി സൃഷ്ടിതാവിനെ മഹത്വപ്പെടുത്താം.

അര്‍ദ്ധവത്തായ ആരാധന

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അമേരിക്കയിലും യുറോപ്പിലും വളര്‍ന്നു പന്തലിച്ച ക്രിസ്തീയ പ്രസ്ഥാനങ്ങള്‍ നമ്മുടെ ഇന്നത്തെ prosperity gospel നു സമാനമായിരുന്നു.  വ്യക്തി കേന്ദ്രീകൃതങ്ങള്‍ ആയിരുന്നു ആ പ്രസ്ഥാനങ്ങള്‍ എല്ലാം തന്നെ.  ഇവയ്ക്ക് വ്യക്തമായ ഭരണഘടനയോ വരവ് ചെലവ് കണക്കുകളോ ഉണ്ടായിരുന്നില്ല. ആദ്യകാലങ്ങളില്‍ നയിച്ച വ്യക്തി ശ്രേഷ്ടന്‍മാരുടെ കാല ശേഷം ഈ കൂട്ടങ്ങളെ നയിക്കാന്‍ പ്രബലന്മാര്‍ ഉണ്ടാകാഞ്ഞത് മൂലം വലിയ ഒരു സമൂഹം അരാജകത്വത്തിലേക്ക് തള്ളപ്പെട്ടു.  പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ധാര്‍മിക മൂല്യച്യുതിക്ക് ഒരു പ്രധാന കാരണവും ഇതു തന്നെയാണ്. 

ഇന്ന് നമ്മുടെ ഇടയില്‍ വലിയ ഒരു ആരാധന സമൂഹം വളര്‍ന്നു നില്‍ക്കുന്നു.  ദൈവത്തിന്റെ ഹിതം എന്തെന്നോ നന്മ പ്രവര്‍ത്തികള്‍ എന്തെന്നോ മനസിലാക്കാന്‍ ശ്രമിക്കാത്ത ഒരു വലിയ സമൂഹം ആണ് ആരാധനക്കാരായി മുന്‍പില്‍.  അതോടൊപ്പം പ്രവര്‍ത്തി ഇല്ലാത്ത വിശ്വാസികളുടെ ഒരു കൂട്ടവും.  സയന്‍സില്‍ ഒരു theory പൂര്‍ത്തീകരിക്കപ്പെടണമെങ്കില്‍ അത് practical ആയി തെളിയിക്കപ്പെട്ടിരിക്കണം എന്നതുപോലെ വിശ്വാസം പ്രവര്‍ത്തിയാല്‍ ആണ് പൂര്‍ത്തീകരിക്കപെടുന്നത്. 


അനുസരണം ബലിയെക്കള്‍ നല്ലതാണ് എന്ന് അബ്രഹാം പിതാവിനെ പഠിപ്പിച്ച ദൈവത്തെ അനുസരിക്കാന്‍ നമ്മുക്ക് കഴിഞ്ഞെങ്ങില്‍ മാത്രമേ നമ്മുടെ ആരാധന അര്‍ദ്ധവത്താകുകയുള്ളൂ.  ദൈവത്തിനു തന്നെ ആരാധിക്കുന്നവരെക്കാള്‍ ഉപരി അനുസരിക്കുന്നവരെ ആണ് വേണ്ടത്.  

അബദ്ധ ധാരണകള്‍

വീട് വയ്ക്കുമ്പോഴും കിണര്‍ കുഴിക്കുംമ്പോഴും കണിയാരെ വിളിച്ചു അശാസ്ത്രീയമായി സ്ഥാനം കാണുക. എവിടെ എങ്കിലും പോകുന്നതിനു മുമ്പ് രാഹുകാലം നോക്കുക, ഇറങ്ങുമ്പോള്‍ ചില ആള്‍ക്കാരെയോ, മറ്റു ചില പ്രത്യേക കാര്യങ്ങളോ കണ്ടാല്‍ ശകുനപ്പിഴ എന്ന് പറഞ്ഞു യാത്ര മാറ്റി വയ്ക്കുക, വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം തിരിച്ചു കയറിയാല്‍ പിന്നെ പോകുന്ന കാര്യം ശരിയാകില്ല എന്നും, ഒരു യാത്ര പോകുമ്പോള്‍ മുന്ന് പേര്‍ പോകരുതു എന്നിങ്ങനെയും ഉള്ള അന്ധവിശ്വാസങ്ങള്‍, പൂച്ച വണ്ടിക്കു കുറുക്കു ചാടിയാല്‍ ശകുനപ്പിഴ, സംസാരത്തിന്നിടയ്ക്കു പല്ലി ചിലച്ചാലും, കരിനാക്ക് ഉള്ളവര്‍ എന്തെങ്കിലും പറഞ്ഞാലും അത് അതുപോലെ തന്നെ സംഭവിക്കും എന്നും, കണ്ണ് വച്ചാല്‍ കാര്യം പോക്കായി എന്നിത്യാദിയുമുള്ള അബദ്ധ ധാരണകള്‍, പ്രശ്നം വയ്ക്കുക, ജാതകം എഴുതുക, കല്യാണത്തിനു ജാതകചേര്ച്ച നോക്കുക, മുഹൂര്‍ത്തം നോക്കുക......ഇങ്ങനെയൊക്കെ ഉള്ള സംഗതികള്‍ നമ്മള്‍ എത്ര തള്ളി പറഞ്ഞാലും നമ്മുടെ ജീവിതത്തിലും ഇടയ്ക്ക് കയറി വന്നു വിശ്വസിപ്പിക്കാന്‍ ശ്രമിപ്പിക്കുന്ന കാര്യങ്ങള്‍ ആണ്.

വാസ്തുവിദ്യയുടെ പേരില്‍ നടത്തുന്ന തട്ടിപ്പില്‍ നമ്മള്‍ പലപ്പോഴും അകപ്പെടുന്നു. കതകും ജനാലകളും വയ്ക്കുമ്പോള്‍ വെളിച്ചം ഉള്ളില്‍ കടക്കതക്ക വിധവും, കാറ്റ് ഒരു ദിശയില്‍ നിന്നും മറ്റു ദിശയിലേക്ക് പോകുവാന്‍ വഴിയൊരുക്കണമെന്നതിലും കവിഞ്ഞു വേറെ ഒരു വാസ്തുശാസ്ത്രവും ഇല്ല.  വീട് വയ്ക്കുമ്പോള്‍ അശാസ്ത്രീയമായി ആശാരിയെ വിളിച്ചു സ്ഥാനം കാണുന്നവര്‍ നസരേത്തിലെ വലിയ ആശാരിയുടെ മകനെ പലപ്പോഴും മറന്നുപോകുന്നു. സങ്കീര്‍ത്തനം:91 പറയുംപോലെ അത്യുന്നതന്റെ മറവില്‍ വസിക്കുകയും സര്‍വ ശക്തന്ടെ നിഴലില്‍ കീഴില്‍ പാര്‍ക്കുകയും ചെയ്യുന്നവര്‍ ആണ് ഈ വിധ തെറ്റി ധാരണകള്‍ വിശ്വസിക്കുകയും പരത്തുകയും ചെയ്യുന്നത്.

ആവര്ത്തന പുസ്തകങ്ങള്‍ 18:10-11 വരെ ഒന്ന് ശ്രദ്ധിക്കുക:  “തന്ടെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവന്‍, പ്രശ്നക്കാരന്‍, മുഹൂര്തക്കാരന്‍, ആഭിചാരകാന്‍, ക്ഷുദ്രക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാടന്‍, ലക്ഷണം പറയുന്നവന്‍, അജ്നകാരന്‍, എന്നിങ്ങനെ ഉള്ളവരെ നിങ്ങളുടെ ഇടയില്‍ കാണരുത്.”

ഇങ്ങനെ ഉള്ളവര്‍ യഹോവയ്ക്കു വെറുപ്പാകുന്നു.

Chapter 18: Verse 10-11 There shall not be found among you any one that makes his son or his daughter to pass through the fire, or that uses divination, or an observer of times, or an enchanter, or a witch. Or a charmer, or a consulter with familiar spirits, or a wizard, or a necromancer.

ക്രിസ്റ്റൊസ്റ്റം തിരുമേനി

ഇന്ന് ക്രിസ്റ്റൊസ്റ്റം തിരുമേനിയുടെ ചെയ്തികള്‍ക്ക് എതിരെ എഴുത്തുകളും ലേഖങ്ങളും കൊടി കുത്തി വാഴുന്ന കാലം. അത് പറഞ്ഞത് ശരിയായില്ല, അവിടെ പോയത് ശരിയായില്ല, അവരെ കണ്ടത് മോശമായിപ്പോയി, എന്നിത്യാദി അങ്ങനെ അങ്ങനെ.....  ഒരു മനുഷ്യന് എതിരെ ഇങ്ങനെയെങ്ങില്‍ സാക്ഷാല്‍ മനുഷ്യ പുത്രനായ്‌ ക്രിസ്തു ഒന്നുകൂടി അവതരിച്ച്ചെന്കില്‍ എന്താവും ഇപ്പോള്‍ സ്ഥിതിഎന്റെ കാഴ്ചപ്പാടില്‍ യേശു പോപ്പിനെയോ തിരുമേനി മുഖ്യന്‍ മാരെയോ ആവില്ല ആദ്യം കാണാന്‍ പോകുക. സഹോദരന്മാര്‍ അല്ലാത്തവരുടെയോ, വിശപ്പുള്ളവന്റെയോ, ചുങ്കക്കരുടെയോ, ശത്രുവിന്റെയോ ഒക്കെ ഇടയില്‍ ആകും(Ref Mathew 5:44-48). എങ്കില്‍ ആദ്യം ക്രിസ്തുവിനെ സഭയില്‍ നിന്നും പുറത്താക്കണം, പിന്നെ ക്രിസ്റ്റൊസ്റ്റം തിരുമേനിയെ...   

ക്രിസ്റ്റൊസ്റ്റം തിരുമേനിയെപ്പറ്റി ഉള്ള ഏറ്റവും വല്യ ആക്ഷേപം അന്യ സമുദായക്കാരുടെ ഇടയില്‍ പോകുന്നു എന്നതാണ് 1.Cori: 5-9-10 അപ്പോസ്തോലന്‍ ഇങ്ങിനെ പറയുന്നു, ലോകത്തില്‍ ഉള്ള പലവിധ ആള്‍ക്കാരോട് സംസര്‍ഗം ഇല്ലാതെ ജീവിക്കണമെങ്ങില്‍ നിങ്ങള്‍ ഈ ലോകം തന്നെ വിട്ടു പോകേണ്ടി വരും, എന്നാല്‍ നിന്റെ സഹോദരന്‍ നല്ലവന്‍ അല്ല എങ്കില്‍ അവനോടു കൂടെ ഭക്ഷണം കഴിക്ക പോലും അരുതെന്നും അവിടെ പറയുന്നു.  സ്വജാതി, സ്വവര്‍ഗ, സ്വബന്ധു പ്രീണനത്തില്‍ വിദഗ്തര്‍ ആയവര്‍ വസിക്കുന്ന ഈ ഭൂമിയില്‍ അപ്പോസ്തോലന്റെ വാക്കുകള്‍ക്കു എന്ത് പ്രസക്തി.

മറ്റു സമുദായ ചടങ്ങുകള്‍ക്ക് തിരുമേനി പോകുന്നു എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്, എന്ന് വച്ച് അവരുടെ ബിംബങ്ങളെയോ, ദൈവങ്ങളെ ആരാധിക്കുകയോ, ആരാധിക്കാന്‍ പഠിപ്പിക്കുകയോ തിരുമേനി ചെയ്യുന്നതായി കാണുന്നില്ല മറിച്ചു, താന്‍ ചെല്ലുന്ന സ്ഥലങ്ങളില്‍ ഒക്കെ തന്നെ ക്രിസ്തുവിനെ അവര്‍ക്ക് കാണിച്ചു കൊടുക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്.  ക്രിസ്തു ഒരു സഭയും സ്ഥാപിച്ചിട്ടില്ല, മറിച്ചു, നന്മയും, കരുണയും ദൈവഹിതപ്രകാരം ഉള്ള ഒരു ജീവിതം തന്നോടൊപ്പം വസിക്കുന്ന ജനതയ്ക്ക് കാണിച്ചു കൊടുക്കുകയാണ് ചെയ്തത്. Christianity എന്ന് പറയുന്നത് ഒരു മതമല്ല, മറിച്ചു ഒരു  way of life ആണ്.  മറ്റു സമൂഹത്തെ  ഉള്‍ക്കൊള്ലാതിരിക്കുകയും, തന്റെ സമൂഹത്തിനു വേണ്ടി ജീവന്‍ കൊടുക്കുകയും അല്ല ആ സംസ്കാരം. ശത്രുവിനെപ്പോലും സ്നേഹിക്കുകയും തങ്ങളെ ഉപദ്രവിക്കുനവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യാന്‍ പഠിപ്പിച്ച ക്രിസ്തുവിനെ പ്പോലെ ജീവിക്കാന്‍ സാധിക്കുക, അങ്ങിനെ ജീവിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ആ ജീവിത പാത.

വാല്‍കഷണം: ഇനി വിധിക്കുന്നവരായ നല്ല സഹോദര്മാരെ, നിങ്ങള്‍ക്കായി, Ref. Mathew 7:1-5.  കപട ഭക്തിക്കാരാ ആദ്യം സ്വന്ത കണ്ണിലെ കോല്‍ എടുത്തു കളഞ്ഞാല്‍ സഹോദരന്റെ കണ്ണിലെ കരട് വെടിപ്പായി കാണും.

നിത്യജീവന് ആര് അവകാശി


ഒരിക്കല്‍ ഒരു ന്യായശാസ്ത്രി യേശുവിനോട് ചോദിച്ചു: നിത്യ ജീവന് അവകാശി ആയിത്തീരുവാന്‍ എന്ത് ചെയ്യേണം. ന്യായ പ്രമാണത്തില്‍ എന്ത് എഴുതിയിരിക്കുന്നു എന്ന് അവന്‍ തിരിച്ചു ചോദിച്ചു. (ന്യായപ്രമാണത്തെ നീക്കാനല്ല മറിച്ചു നിവര്ത്തിപ്പാനാണ് യേശു ശ്രമിച്ചത്‌ എന്നത് ഇവിടെ ശ്രദ്ധിക്കുക) നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണആത്മാവോടും പൂര്‍ണമനസോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം എന്നും അവന്‍ ഉത്തരം പറഞ്ഞു. യേശു അപ്പോള്‍ അവനോട് പറഞ്ഞു നിന്റെ ഉത്തരം ശരി അങ്ങനെ ചെയ്ക എന്നാല്‍ നീ ജീവിക്കും. 

തുടര്‍ന്ന് കൂട്ടുകാരന്‍ ആര് എന്ന് അവന്‍ ചോദിച്ചതിനു നല്ല ശമാര്യാക്കാരെന്റെ കഥ യേശു പറഞ്ഞു. (ലൂക്കോസ് 10:30-35 വരെയുള്ള ഭാഗം വായനക്ക്). കള്ളന്മാരാല്‍ ആക്രമിക്കപ്പെട്ടു അവശനായ മനുഷ്യനോട് കരുണ കാട്ടിയവന്‍ ആണ് യഥാര്‍ഥ കൂട്ടുകാരന്‍.

നിത്യജീവന് അവകാശി ആകുവാന്‍ എന്ത് ചെയ്യേണമെന്നു യേശു ഇവിടെ അര്‍ദ്ധശങ്കക്കു ഇടനല്‍കാതെ വ്യക്തമാക്കുന്നു.  നല്ലശമര്യന്റെ നല്ല മനസുള്ളവര്‍ ദൈവത്തില്‍ പൂര്ണാശ്രയം വച്ചാല്‍ നിത്യജീവന് അവകാശിയാകും, ഒരു സംശയവും വേണ്ട. എന്നാല്‍ അത് ചെയ്തില്ലകില്‍, അവിടെ പോയില്ലകില്‍, എന്റെ സഭയില്‍ ചേര്‍ന്നില്ലന്കില്‍, നിങ്ങള്‍ സ്വര്‍ഗത്തില്‍ പോകില്ല എന്ന് പറഞ്ഞു കള്ള പ്രവാചകന്മാര്‍ ഇക്കാലത്ത് ജനത്തെ വഴിതെറ്റിക്കുന്നു. ഇങ്ങനെ ഉള്ളവരെപറ്റി മത്തായി 23:14 ല്‍ ഇങ്ങനെ പറയുന്നു: കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരും ആയുള്ളോരേ നിങ്ങള്ക്ക് ഹാ കഷ്ടം, നിങ്ങള്‍ ഒരുത്തനെ മതത്തില്‍ ചേര്‍ക്കുവാന്‍ കടലും കരയും ചുറ്റി നടക്കുന്നു; ചേര്‍ന്ന ശേഷം അവനെ നിങ്ങളെക്കാള്‍ ഇരട്ടിച്ച നരകയോഗ്യന്‍ ആക്കുന്നു”.  അപ്പോസ്തോല പ്രവര്‍ത്തി 15:1-11 ലും നമുക്ക് ഇങ്ങനെ ഉള്ളവരെ കാണാം. പരിച്ചേദന എല്ക്കാഞ്ഞാല്‍ രക്ഷ പ്രാപിക്കാന്‍ കഴികയില്ല എന്ന് അവര്‍ സഹോദരന്‍മാരെ ഉപദേശിച്ചു. എന്നാല്‍ പത്രോസ് അവരെ ഉപദേശിക്കുന്നത് ശ്രദ്ധിക്കുക: നമുക്കും നമ്മുടെ പിതാക്കന്മാര്‍ക്കും ചുമക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തില്‍ വച്ച് ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്? കര്‍ത്താവായ യേശുവിന്റെ കൃപയാല്‍ രക്ഷ പ്രാപിക്കും എന്ന് നാം വിശ്വസിക്കുന്നത് പോലെ അവരും വിശ്വസിക്കുന്നു”. ക്രിസ്തുയേശുവിന്റെ കൃപ ഉണ്ടങ്കില്‍ മാത്രമേ നല്ലശമര്യന്റെ നല്ല മനസുള്ളവരാകാന്‍ നമുക്ക് സാധിക്കൂ.


Last but not least:  തന്റെ തെറ്റ് മനസിലാക്കി മാനസാന്തരപ്പെടുന്നവനെ നിത്യജീവനില്‍ നിന്ന് അകറ്റുന്ന ഒരു പ്രമാണവും ഇല്ല. യഥാര്‍ഥ മാനസാന്തരം എന്നല്ലാതെ അതോടൊപ്പം ഒരു ഭൌദിക ചടങ്ങുകളും ആവശ്യം ഇല്ല.  അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് തന്റെ അടുത്തു തൂക്കിലിടപ്പെട്ടു അനുതപിച്ച കള്ളനോട്: നീ എന്നോടൊപ്പം പറുദീസയില്‍ ഇരിക്കുമെന്ന യേശുവിന്റെ ഉറപ്പു (ലുക്കൊസ് 23:43).  തന്റെ തെറ്റ് ഏറ്റു പറഞ്ഞു  യേശുവിനോട് മാപ്പ് അപേക്ഷിച്ച്ചതാണ് അവന്റെ (മാനസാന്തര) സ്നാനം.