യഹൂദയിലെ ബേതലഹേമില്‍ യേശു
ജനിച്ചപ്പോള്‍ അവനെ വധിക്കുവാന്‍ നാടുവാഴിയായ ഹെരോദാവു കല്പന
പുറപ്പെടുവിച്ചു. കാരണം ഒരു വിപ്ലവകാരിക്ക് മാത്രമേ തന്‍റെ സിംഹാസനത്തിന് ഇളക്കം
വരുത്താന്‍ സാധിക്കൂ എന്ന് അവനു ബോധ്യം ഉണ്ടായിരുന്നു. ഒരു പുത്തന്‍
വിപ്ലവാത്മകതയുടെ പ്രതീകമായി താണവരില്‍ താണവനായി ഒരു പശുതൊഴുത്തിലിലാണ് ദൈവപുത്രന്‍
അവതരിച്ചത്. പക്ഷെ ഇത് മുന്‍കൂട്ടി കാണാന്‍ ഹെരോദാവിനു കഴിഞ്ഞില്ല. അതുകൊണ്ട്
യേശുവിനെ ലക്ഷ്യം വച്ച്, രണ്ടു വയസില്‍ താഴെയുള്ള എല്ലാ ആണ്‍ പൈതങ്ങളെയും കൊല്ലുവാന്‍
അവന്‍ കല്പന പുറപ്പെടുവിച്ചു. റാമയിലെങ്ങും മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ
കരച്ചില്‍ അലയടിച്ചു. എന്നാല്‍ ഒരു ജനതയുടെ വിമോചകനായി അവതരിച്ച യേശുവിനെ തൊടാന്‍
അവനോ അവന്‍റെ പടയാളികള്‍ക്കോ സാധിച്ചില്ല. യഹൂദ പാരമ്പര്യം അനുസരിച്ച് നന്നേ
ശിശുവായിരുന്നപ്പോള്‍ തന്നെ യേശുവിനെ മാതാപിതാക്കള്‍ യെരുശലേം ദേവാലയത്തില്‍
കൊണ്ടുപോയി പരിശ്ചേദന കഴിപ്പിച്ചു. യേശുവിന്‍റെ അനുയായികള്‍ ആയി വന്ന ക്രൈസ്തവരില്‍
ശിശുസ്നാനം ഉടലെടുക്കുവാന്‍ ഉണ്ടായ ഒരു പ്രധാന കാരണവും ഇതാവാം. ആദ്യ പന്ത്രണ്ടു വര്‍ഷക്കാലം
യേശു മാതാപിതാകളെ അവരുടെ പാരമ്പര്യ തൊഴിലായ ആശാരിപണിയില്‍ സഹായിച്ചു പോന്നു. പന്ത്രണ്ടാം
വയസില്‍ അവന്‍ മാതാപിതാക്കളോടൊപ്പം പെസഹാ പെരുന്നാളിനു യെരുശലേം ദേവാലയത്തിലേക്ക്
പോയി. പെരുന്നാളിന് ശേഷം സ്വദേശത്തേക്ക് തിരികെപോകുന്നവരുടെ ഒപ്പം യേശുവിനെ
കാണാഞ്ഞ മാതാപിതാക്കള്‍ അന്വഷണം ആരംഭിച്ചു.
ദേവാലയത്തില്‍ ഉപദേഷ്ടാക്കളുടെ നടുവില്‍ ഇരുന്നു അവരുടെ ഉപദേശം കേള്‍ക്കുകയും
അവരോടു ചോദ്യം ചോദിക്കുകയും ചെയ്യുന്ന യേശുവിനെ അവര്‍ കണ്ടു. അവന്‍റെ വാക്ക്
കേട്ടവര്‍ക്കു എല്ലാം അവന്‍റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. എങ്കിലും
മകനെ കാണാതെ പരിഭവിച്ച മാതാപിതാക്കളോട്, തന്‍റെ പിതാവിന്‍റെ ഭവനത്തില്‍ താന്‍
ഇരിക്കെണ്ടതല്ലയോ എന്ന് അവന്‍ ചോദിച്ചു. പാപം മൂലം തന്നില്‍ നിന്നും അകന്ന മാനവ
ജാതിയുടെ വീണ്ടെടുപ്പു ദൈവം തന്‍റെ സ്വപുത്രനിലൂടെ ആരംഭിക്കുകയായിരുന്നു.
ആ കാലത്ത് യോഹന്നാന്‍ സ്നാപകന്‍
യഹൂദ്യ ദേശത്ത് വന്നു, സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍
എന്ന് പ്രസംഗിച്ചു തുടങ്ങി. അവന്‍റെ വാക്ക്കേട്ട് അനേകര്‍ തങ്ങളുടെ പാപങ്ങളെ
വിട്ടു മാനസാന്തരപ്പെട്ടത്തിന്‍റെ അടയാളമായ് ജലസ്നാനം സ്വീകരിക്കാന്‍ തുടങ്ങി. ജനം
എല്ലാം സ്നാനം ഏല്‍ക്കയില്‍, യേശുവും അവനാല്‍ സ്നാനം ഏല്‍ക്കാന്‍ യോര്‍ദാന്‍
നദിയുടെ കരയില്‍ എത്തി. തന്നെക്കാള്‍ വലിയവനായ യേശുവിനെ സ്നാനം കഴിപ്പിക്കാന്‍
അവന്‍ വിസമ്മതിച്ചു. എന്നാല്‍ സകല നീതിയും നിര്‍വഹിക്കുന്നത് നമുക്ക് ഉചിതം എന്ന്
പറഞ്ഞ ശേഷം യേശു യോഹന്നാനാല്‍ സ്നാനം ഏറ്റു. എളിയവനെ വലിയവനായി കാണാന്‍ ഉല്‍ബോധിപ്പിക്കുന്ന
ദൈവത്തിന്‍റെ നീതി, ആ വലിയ വിപ്ലവ നായകനില്‍ നിന്ന് അവിടെ ആരംഭം കുറിച്ചു.
തന്നെക്കാള്‍ എളിയവരുടെ പാദം കഴുകി, പെസഹായുടെ ക്രമം ആചരിച്ചും യേശു മാതൃക കാട്ടി. യേശുവിന്‍റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക; “ഈ ഏറ്റവും ചെറിയവരില്‍ ഒരുത്തന്
നിങ്ങള്‍ ചെയ്യേത്താത്തിടത്തോളമെല്ലാം എനിക്കാകുന്നു ചെയ്യാഞ്ഞത് എന്ന് ഞാന്‍
സത്യം ആയി നിങ്ങളോട് പറയുന്നു”(Mathew 25:45). മറ്റൊരവസരത്തില്‍, ഹോശാനപെരുന്നാളിന്
മുന്തിയ തരം കുതിരകളെ വാഹനമായി ഉപയോഗിക്കാമായിരുന്നിട്ടും, ആരാലും
ഉപേക്ഷിക്കപ്പെട്ട കഴുതയുടെ പുറത്താണ് യേശു യെരുശലേം ദേവാലയത്തിലേക്ക് പോയത്. എളിയവയെയും
ഉപേക്ഷിക്കപ്പെട്ടതിനെയും കരുതുകയും, മഹത്വീകരിക്കുകയും ചെയ്തു സമൂഹത്തിന്‍റെ മുന്‍ശ്രേണിയിലേക്ക്
ഉയര്‍ത്തുന്നതിന്‍റെ പ്രതീകം ആയിരുന്നു ആ കഴുതപ്പുറത്തെ യാത്ര.
ഒരിക്കല്‍ ചുങ്ക സ്ഥലത്തുവച്ച്
കണ്ട ലേവി എന്ന ചുങ്കക്കാരനോടൊപ്പം യേശു അവന്‍റെ വീട്ടില്‍ വിരുന്നില്‍
പങ്കെടുത്തു. ഇതില്‍ കുപിതരായ പരീശന്മാരും ശാസ്ത്രിമാരും അവന്‍ ചുങ്കക്കാരോടും
പാപികളോടും കൂടെ തിന്നുകുടിക്കുന്നത് എന്തു എന്ന് ചോദിച്ചു. ദീനക്കാര്‍ക്ക്
അല്ലാതെ സൌഖ്യം ഉള്ളവര്‍ക്ക് വൈദ്യനെകൊണ്ട് ആവശ്യം ഇല്ല എന്നും, താന്‍
നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന് തേടി വന്നിരിക്കുന്നത്
എന്നും ആയിരുന്നു അവന്‍റെ മറുപടി. സക്കായി എന്ന ചുങ്കക്കാരെനെയും ഇതേ രീതിയിലാണ് യേശു
രക്ഷയുടെ അനുഭവത്തിലേക്ക് കൊണ്ടുവന്നത്. ഒരിക്കല്‍ മഹാപുരോഹിതന്മാരോടും ജനത്തില്‍
മൂപ്പന്മാരോടും അവന്‍ പറഞ്ഞു “ചുങ്കക്കാരും വേശ്യമാരും നിങ്ങള്‍ക്ക് മുന്പായി
ദൈവരാജ്യത്തില്‍ കടക്കും എന്ന് സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു” (Mathew
21:31). യേശു ഇതു പറവാന്‍ കാരണം, ഒരിക്കല്‍ തെറ്റ് ചെയ്ത ചുങ്കക്കാരും മറ്റു
അകൃത്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടവരും, യേശുവിനെപറ്റി അറിഞ്ഞപ്പോള്‍
പിന്നെത്തേതില്‍ അനുതപിച്ചു, തങ്ങളുടെ തെറ്റുകളെ വിട്ടകന്നു എന്നതുകൊണ്ട്
ആയിരുന്നു. എന്നാല്‍ തങ്ങള്‍ നീതിമാന്മാര്‍ എന്ന് നിരൂപിച്ച പരീശ-പുരോഹിതഗണം തങ്ങളുടെ
തെറ്റുകളെ അറിഞ്ഞില്ല, അല്ലങ്കില്‍ അറിഞ്ഞതായി ഭാവിച്ചില്ല; അതുകൊണ്ട് തന്നെ
ദൈവപുത്രനെ അംഗീകരിച്ചതുമില്ല. പരീശന്മാരും ശാസ്ത്രിമാരും അക്കാലങ്ങളില്‍ ഏറ്റവും
വലിയ പദവികളില്‍ ഉള്ളവര്‍ ആയിരുന്നു. എന്നാല്‍ യേശു അവരുടെ തിന്മയ്ക്കും
കേടുകാര്യസ്ഥതയ്ക്കും എതിരെ ശബ്ദം ഉയര്‍ത്തി. പരീശന്‍മാരായ നിങ്ങള്‍ കിണ്ടി
കിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവര്‍ച്ചയും ദുഷ്ടതയും
നിറഞ്ഞിരിക്കുന്നു എന്ന് അവന്‍ അവരെ പരസ്യമായി ശാസിച്ചു. “ദൈവസ്നേഹം വിട്ടുകളഞ്ഞ
നിങ്ങള്‍ക്ക് പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും പ്രിയമാകുന്നു; എടുക്കാന്‍
പ്രയാസം ഉള്ള ചുമടുകളെ നിങ്ങള്‍ ജനങ്ങളെകൊണ്ട് ചുമപ്പിക്കുന്നു, നിങ്ങള്‍ ഒരു
വിരല്‍ കൊണ്ട് പോലും ആ ചുമടുകളെ തൊടുന്നതും ഇല്ല.” എന്ന് കടുത്ത ഭാഷയില്‍ അവരെ
വിമര്‍ശിച്ചു. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ, നിങ്ങള്‍ എന്‍റെ
അടുക്കലേക്കു വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം” എന്ന് അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികളെ അഭിസംബോധന ചെയ്തു അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു,
കാറല്‍ മാക്സിനും ഫ്രെഡറിക്ക് ഏഞ്ജല്‍സിനും എത്രയോ മുന്‍പ് യേശു എന്ന വിപ്ലവകാരി
സമത്വവും, സോഷ്യലിസവും വിഭാവന ചെയ്തു! ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍
കടക്കുന്നതിനേക്കാള്‍ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം” എന്ന് ഉല്‍ബോധിപ്പിച്ച
യേശു ജന്മിത്വത്തെയും തന്‍റെ
വാക്കുകളിലൂടെ നിരാകരിക്കുകയായിരുന്നു.
ഒരിക്കല്‍ യേശു പ്രസംഗിച്ചു
കൊണ്ടിരിക്കുമ്പോള്‍ അവന്‍റെ അമ്മയും, സഹോദരന്മാരും അവനെ കാണുവാന്‍ വന്നു.
പുരുഷാരം നിമിത്തം അവര്‍ക്ക് അവനോടു അടുക്കുവാന്‍ കഴിഞ്ഞില്ല. നിന്‍റെ അമ്മയും
സഹോദരന്മാരും നിന്നെ കാണുവാന്‍ പുറത്ത് നില്‍ക്കുന്നു എന്ന് ചിലര്‍ യേശുവിനെ
അറിയിച്ചു. ദൈവവചനം കേട്ട് അനുസരിക്കുന്നവര്‍ അത്രേ എന്‍റെ അമ്മയും സഹോദരന്മാരും
എന്ന് യേശു അപ്പോള്‍ പറയുകയുണ്ടായി. സ്വജന പ്രീണനവും, ഞാനും എന്‍റെ കുടുംബവും എന്‍റെ
കൂട്ടവും എന്ന കോണ്‍സെപ്റ്റ്-നു നേരെ എതിര്‍ ദിശയില്‍ ഉള്ള ദൈവികമര്‍മം ആയിരുന്നു
അവിടെ വെളിവാക്കപ്പെട്ടത്. മത്തായി 5:47 ഇപ്രകാരം ആണ് “സഹോദരന്മാരെ മാത്രം വന്ദനം
ചെയ്‌താല്‍ നിങ്ങള്‍ എന്തു വിശേഷം ചെയ്യുന്നു; അവിശ്വാസികളും അങ്ങിനെ തന്നെ
ചെയ്യുന്നില്ലയോ? ആകയാല്‍ നിങ്ങളുടെ പിതാവ് സല്‍ഗുണ സമ്പൂര്‍ണന്‍ ആയിരിക്കുന്നതുപോലെ
നിങ്ങളും സല്‍ഗുണ സമ്പൂര്‍ണര്‍ ആകുവിന്‍”.
ഒരു ശബത്തില്‍ യേശു വിളഭൂമിയില്‍
കൂടി കടന്നു പോകുമ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ കതിര്‍ പറിച്ചു തിരുമി തിന്നു. ഇതു
ചോദ്യം ചെയ്ത പരീശരോട് “മനുഷ്യന്‍ ശബത്ത് നിമിത്തം അല്ല, ശബത്ത് മനുഷ്യന്‍
നിമിത്തം അത്രേ ഉണ്ടായത്, അങ്ങനെ മനുഷ്യപുത്രന്‍ ശബത്തിനും കര്‍ത്താവാകുന്നു”
എന്ന് യേശു അവരെ ഓര്‍മിപ്പിച്ചു. മറ്റൊരു ശബത്തില്‍ ദേവാലയത്തില്‍ വച്ച് വലംകൈ വരണ്ട
ഒരു മനുഷ്യനെ അവന്‍ സൌഖ്യം ആക്കി. ശബത്തില്‍ നന്മ ചെയ്യുകയോ, തിന്മ ചെയ്യുകയോ,
ജീവനെ രക്ഷിക്കുകയോ നശിപ്പിക്കുകയോ ഏതു വിഹിതം എന്ന് അവന്‍ ചോദിച്ചു. നിങ്ങളുടെ
കാളയോ, മകനോ ശബത്ത് നാളില്‍ കിണറ്റില്‍ വീണാല്‍ ക്ഷണത്തില്‍ വലിച്ചെടുക്കയില്ലയോ എന്ന്
അവന്‍ വേറൊരു അവസരത്തില്‍ ന്യായശാസ്ത്രിമാരോട് ചോദിച്ചു. ശബത്തിന്റെ
നിയമങ്ങളെക്കാള്‍ വലുത് നന്മ ചെയ്യുക ആണന്നു യേശു അസന്നിക്ധം ആയി പ്രക്യാപിച്ചു.
യഹൂദ ജനതയുടെ കടുത്ത നിയമ സംഹിതകള്‍ക്ക്
ഉള്‍ക്കൊള്ളാവുന്നതില്‍ അപ്പുറം ആയിരുന്നു യേശുവിന്‍റെ സാമൂഹ്യനന്മയില്‍
ഊന്നിയുള്ള ലളിതമായ ആശയങ്ങളും പ്രവര്‍ത്തരീതികളും.
ഹോശാന പെരുന്നാളിന് യേശു
യെരുശലേം ദേവാലയത്തില്‍ ചെന്ന് അവിടെ ഒരു ശുദ്ധീകരണം നടത്തിയതായി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ദേവാലയത്തില്‍ വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും എല്ലാം അവന്‍ പുറത്താക്കി; പൊന്‍വാണിഭക്കാരുടെ
മേശകളെയും പ്രാവുകളെ വില്‍ക്കുന്നവരുടെ പീഡങ്ങളെയും മറിച്ചു കളഞ്ഞു. തുടര്‍ന്ന്
അവരോടു പറഞ്ഞു; എന്‍റെ ആലയം സകല ജാതികള്‍ക്കും പ്രാര്‍ഥനാലയം ആണ്, നിങ്ങളോ അതിനെ
കള്ളന്മാരുടെ ഗുഹയാക്കി തീര്‍ത്തു. (Mark11:17). ഇന്നു കര്‍ത്താവിന്‍റെ നാമത്തില്‍ വ്യാപാരം നടത്തുന്നവര്‍ ഓര്‍ത്തുകൊള്ളുക;
ഈ ബിസിനെസ്സ് നിങ്ങള്‍ക്ക് എല്ലാ കാലവും കൊണ്ട് നടക്കാന്‍ പറ്റില്ല. കര്‍ത്താവിന്‍റെ ഒരു ദിവസം ഉണ്ട് അന്ന് നിങ്ങള്‍
എല്ലാത്തിനും കണക്കു ബോധിപ്പിക്കേണ്ടി വരും. പ്രാര്‍ഥനാലയം സകലജാതികള്‍ക്കും
വേണ്ടി ആണെന്ന് യേശു അവിടെ പറയുന്നത് പ്രത്യേകം ശ്രദ്ധിക്കുക. എന്നാല്‍ പല
ഭിന്നതകളില്‍ വിവിധതരം ആലയങ്ങളില്‍ ആരാധിച്ചു നമ്മള്‍ അവയെ കള്ളന്മാരുടെ ഗുഹ
ആക്കിതീര്‍ക്കുക അല്ലെ ചെയ്യുന്നത്? എല്ലാവരും പോകുന്ന ഒഴുക്കിന് അനുസരിച്ച്
നീങ്ങുകയല്ല യേശു ചെയ്തത് എന്ന് നമുക്ക് ഇവിടെ വ്യക്തമായി മനസിലാവും. തെറ്റ്
കണ്ടപ്പോള്‍ ശാസ്ത്രിമാരെയും മഹാപുരോഹിതന്മാരെയും പോലും യേശു ചോദ്യം ചെയ്തു. നേതാക്കന്മര്‍
എന്തു ചെയ്താലും ചോദ്യം ചെയ്യരുത്; സഭയില്‍ പഠിപ്പിക്കുന്നത് എന്താണെങ്കിലും അത് മറുചോദ്യം
ഇല്ലാതെ ശിരസാവഹിക്കണം എന്നൊക്കെയുള്ള ബ്രെയിന്‍ വാഷ് ഉപദേശങ്ങള്‍ ഒക്കെയാണെല്ലോ
ഇന്ന് ഫലംകാണുന്നത്. പള്ളിയാനെങ്കിലും കൂട്ടായ്മ ആണെങ്കിലും, ചോദ്യം ചെയ്യേണ്ടതിനെ
ചോദ്യം ചെയ്യണം. ക്രിസ്തു പറഞ്ഞതിന് വിരോധമായി
ഉള്ള ഏതു ഉപദേശങ്ങളും എതിര്‍ക്കപ്പെടണം; ബൈബിള്‍ വിരോധമായതും.
ശത്രുക്കളെ സ്നേഹിക്കുക- ലോകത്തില്‍ ഒരു നേതാവോ, തത്വജ്ഞാനിയോ, ആത്മീയ ആചാര്യന്മാരോ ചിന്തിക്കുന്നതിനും അപ്പുറമായ വിപ്ലവാത്മകതയായിരുന്നു യേശുവിന്‍റെ ഈ ഉപദേശത്തില്‍ നിറഞ്ഞു നിന്നത്. യേശുവിന്‍റെ വാക്കുകള്‍ ഇപ്രകാരമാണ് “നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിന്‍, അവര്‍ക്ക് നന്മ ചെയ്‍വിന്‍; ഒന്നും പകരം ഇശ്ചിക്കാതെ കടം കൊടുപ്പിന്‍ എന്നാല്‍ നിങ്ങളുടെ പ്രതിഭലം വളരെ ആകും.” യേശുവിന്‍റെ പീഡാനുഭവത്തിനു മുന്നോടിയായി അവനെ പിടികൂടുവാന്‍ മഹാപുരോഹിതരും വലിയൊരു പുരുഷാരവും വാളും വടികളുമായി എത്തി. യേശുവിന്‍റെ ശിഷ്യനായ യൂദയായിരുന്നു യഹൂദരില്‍ നിന്നും കൈക്കൂലി വാങ്ങി, അവനെ കാണിച്ചു കൊടുക്കാന്‍ മുന്‍പില്‍ നിന്നത്. കാണിച്ചു കൊടുക്കുന്നതിന്‍റെ അടയാളമായി യൂദ യേശുവിനെ ചുംബിച്ചപ്പോള്‍, ഇവന്‍ തന്നെയാണ് തന്നെ കാണിച്ചു കൊടുക്കാന്‍ പോകുന്നത് എന്നറിയാമായിരുന്ന യേശു, “സ്നേഹിതാ” എന്നാണു യൂദായെ സംബോധന ചെയ്തത്. തുടര്‍ന്ന് യേശുവിനെ പിടിക്കാനായി ആഞ്ഞ മഹാപുരോഹിതന്‍റെ ദാസനെ യേശുവിന്‍റെ കൂടെയുള്ളവരില്‍ ഒരുവന്‍ വെട്ടി, അവന്‍റെ കാതു അറുത്തു. അപ്പോള്‍ യേശു അവനോടു പറഞ്ഞു “വാള്‍ ഉറയില്‍ ഇടുക, വാള്‍ എടുക്കുന്നവന്‍ ഒക്കെയും വാളാല്‍ നശിച്ചു പോകും” തുടര്‍ന്ന് യേശു അവന്‍റെ കാത് യഥാസ്ഥാനപ്പെടുത്തി. ശത്രുവിനെ സ്നേഹിക്കുക എന്ന് പ്രസംഗിക്കുക മാത്രമല്ല, തന്‍റെ പ്രവര്‍ത്തിയിലൂടെ കാണിച്ചു കൊടുക്കുകയും യേശു ചെയ്തു. ഗാന്ധിജിയുടെ അഹിംസസിദ്ധാന്തം ഈ തത്വത്തില്‍ നിന്നും കടം കൊണ്ടതാണ് എന്ന് വേണമെങ്കില്‍ പറയാം. ക്രിസ്തീയതയെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലങ്കില്‍ പോലും ക്രിസ്തുവിലെ പൂര്‍ണ വ്യക്തിത്തത്തെ ഗാന്ധി പലപ്പോഴും തന്‍റെ ജീവിതത്തിലേക്ക് പകര്‍ത്തി. തന്‍റെ വലത്തെ ചെകിട്ടത്ത് അടിച്ച ബ്രിട്ടീഷുകാരന് ഇടത്തെ കവിളും കൂടി ഗാന്ധിജി കാണിച്ചു കൊടുത്തതു യേശുവിന്‍റെ വാക്കുകളെ ഉള്‍കൊണ്ടു കൊണ്ടാണ്. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, എന്നീ പ്രവര്‍ത്തന ശൈലികള്‍ ഉള്‍ക്കൊണ്ട ഇതര പുരാണ ഇതിഹാസങ്ങളിലെ കഥാപാത്രങ്ങള്‍ ഒരു കഥാകാരന്‍റെ തൂലികയിലോ, ഒരു ഇതിഹാസ രചനയുടെ ഇതിവൃത്തത്തിലോ ഒതുങ്ങുമ്പോള്‍, അവരുടെ അഭ്രപാളികളില്‍ ഉള്‍ക്കൊള്ളിക്കാനാവാത്ത വ്യക്തിത്തം ആണ് യേശുവിന്‍റെത്. “കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നരുളി ചെയ്തത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ, ഞാനോ നിങ്ങളോട് പറയുന്നത് ദുഷ്ടനോട് എതിര്‍ക്കരുത്, നിന്‍റെ വലത്തെ ചെകിട്ടത്ത് അടിക്കുന്നവന് മറ്റേതും തിരിച്ചു കാണിക്ക; നിന്‍റെ വസ്ത്രം എടുപ്പാന്‍ ഇശ്ചിക്കുന്നവനു നിന്‍റെ പുതപ്പും കൂടി വിട്ടു കൊടുക്ക” എന്ന യേശുവിന്‍റെ വാക്കുകള്‍ മത്തായി 5:38-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.



